കൊച്ചി: ഡെയിംലർ ഇന്ത്യ കൊമേഴ്‌സ്യൽ വെഹിക്കിൾ 2018ൽ 35 ശതമാനം വളർച്ചയോടെ 22,532 ട്രക്കുകൾ വിറ്റഴിച്ചു. കമ്പനിയുടെ ഇന്ത്യയിലെ ആറുവർഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച വളർച്ചയാണ് കഴിഞ്ഞവർഷം കുറിച്ചതെന്ന് മാനേജിംഗ് ഡയറക്‌ടർ സത്യകാം ആര്യ പറഞ്ഞു. മുൻവർഷങ്ങളിൽ കുറിച്ച നഷ്‌ടക്കണക്കുകളിൽ നിന്ന് കരകയറാൻ കഴിഞ്ഞവർഷത്തെ മികച്ച വില്‌പനയിലൂടെ കമ്പനിക്ക് കഴിഞ്ഞു. ഡെയിംലറിന്റെ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ വിപണിയാണ് ഇന്ത്യ.
ഉപഭോക്തൃ താത്പര്യം തിരിച്ചറിഞ്ഞുള്ള മോഡലുകൾ അവതരിപ്പിച്ചതും കൂടുതൽ ഷോറൂമുകൾ തുറന്നതുമാണ് നേട്ടത്തിലേക്കുള്ള ട്രാക്ക് തുറന്നത്. ഷോറൂമുകളുടെ എണ്ണം 130ൽ നിന്ന് 180ലേക്കാണ് കഴിഞ്ഞവർഷം ഉയർത്തിയത്. ചെന്നൈ ഫാക്‌ടറിയിൽ നിന്നുള്ള ട്രക്ക് ഉത്‌പാദനം ഒരുലക്ഷം കവിഞ്ഞുവെന്ന നേട്ടവും 2018ൽ കമ്പനി കുറിച്ചു. കയറ്റുമതി കഴിഞ്ഞവർഷം എട്ട് ശതമാനം ഉയർന്ന് 7,054 യൂണിറ്റുകളായി. 50 രാജ്യങ്ങളിലാണ് ഡെയിംലർ ഇന്ത്യ ട്രാക്കുകൾ കയറ്റുമതി ചെയ്യുന്നത്.