കൊച്ചി: കർഷകർക്ക് പ്രതിവർഷം 6,​000 രൂപ മൂന്ന് ഗഡുക്കളായി അക്കൗണ്ടിൽ നേരിട്ട് ലഭ്യമാക്കുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ പ്രയോജനം രാജ്യത്തെ 87 ശതമാനം കാർഷിക കുടുംബങ്ങൾക്കും ലഭിക്കുമെന്ന് നബാർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. രണ്ടു ഹെക്‌ടർ വരെ കൃഷിഭൂമിയുള്ളവർക്കാണ് സഹായം ലഭിക്കുന്നത്. നബാർഡിന്റെ ഓൾ ഇന്ത്യ റൂറൽ ഫിനാൻഷ്യൽ ഇൻക്ളൂഷൻ സർവേ 2016-17 പ്രകാരം 87 ശതമാനം കർഷകർക്കും രണ്ടു ഹെക്‌ടറിൽ താഴെയാണ് ഭൂമി.

'വെറും ആറായിരം രൂപ"യാണ് പ്രതിവർഷം ലഭിക്കുന്നതെങ്കിലും ഇന്ത്യയിലെ കർഷകർക്ക് ഇതു 'വലിയ ആശ്വാസം" തന്നെ ആയിരിക്കുമെന്നും സർവേയിലെ കണക്കുകളിലൂടെ മനസിലാക്കാം. 0.01ഹെക്‌ടറിൽ താഴെ ഭൂമിയുള്ള കർഷക കുടുംബത്തിന്റെ പ്രതിമാസ വരുമാനം 8,​136 രൂപയാണ്. ചെലവ് 6,​594 രൂപ. മിച്ചം പിടിക്കുന്നത് 1,​542 രൂപ. പ്രതിവർഷം ആറായിരം രൂപ കിസാൻ സമ്മാൻ നിധിയിലൂടെ കിട്ടുന്നത്,​ കർഷകർ നാലുമാസത്തോളം വരുമാനത്തിൽ നിന്ന് മിച്ചംപിടിക്കുന്നതിന് സമാനമായ തുകയാണ്.

0.01 മുതൽ 0.4 ഹെക്‌ടർ വരെ ഭൂമിയുള്ള കർഷകർ പ്രതിമാസം മിച്ചംപിടിക്കുന്നത് ശരാശരി 465 രൂപയാണെന്ന് സർവേയിലുണ്ട്. 0.4 മുതൽ ഒരു ഹെക്‌ടർ വരെ ഭൂമിയുള്ളവർ ശരാശരി മിച്ചംപിടിക്കുന്നത് 1,​518 രൂപയാണ്. ഒന്നുമുതൽ രണ്ട് ഹെക്‌ടർ വരെ ഭൂമിയുള്ളവർ 2,​188 രൂപയും മിച്ചംപിടിക്കുന്നു. ഇന്ത്യയിലെ ഏറ്രവും പാവപ്പെട്ട 20 ശതമാനം കർഷക കുടുംബങ്ങളുടെ പ്രതിമാസ ചെലവ് വരുമാനത്തേക്കാൾ കൂടുതലാണ്. കിസാൻ സമ്മാൻ നിധി ഇവർക്ക് നൽകുന്നത് വലിയ ആശ്വാസമായിരിക്കും. രാജ്യത്തെ 12 കോടിയിലേറെ കർഷകർക്കാണ് പദ്ധതിയുടെ നേട്ടം ലഭിക്കുക. പദ്ധതിയ്ക്കായി ആകെ 75,​000 കോടി രൂപയാണ് കേന്ദ്രസർക്കാർ ചെലവഴിക്കുന്നത്.

വോട്ടിലും നോട്ടം

നബാർഡിന്റെ സർവേ പ്രകാരം ഇന്ത്യയിലെ കർഷക കുടുംബങ്ങളുടെ പ്രതിവർഷ ശരാശരി സേവിംഗ്സ് 9,​657 രൂപയാണ്. കിസാൻ സമ്മാൻ നിധി പ്രകാരമുള്ള 6,​000 രൂപ ഇവർക്ക് വലിയ ആശ്വാസമാകും. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർഷക വോട്ടുകൾ കീശയിലാക്കാൻ മോദി സർക്കാരിനും പദ്ധതി പ്രയോജനകരമാകും.