ന്യൂഡൽഹി: റാഫേൽ ഇടപാടി റദ്ദാക്കി യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ എത്താതിരിക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. ന്യൂഡൽഹിയിൽ ദേശീയ യുദ്ധസ്മാരകത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് മോദി കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചത്. എന്നാൽ കുറച്ച് മാസങ്ങൾകൊണ്ട് ആദ്യ റഫാൽ വിമാനം ഇന്ത്യയുടെ ആകാശത്ത് പറക്കുമ്പോൾ എല്ലാ ഗൂഢാലോചനകളും അവസാനിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബോഫോഴ്‌സ് മുതൽ ഹെലികോപ്റ്റർ ഇടപാടുവരെയുള്ള അഴിമതി അന്വേഷണങ്ങൾ ചെന്നെത്തി നിൽക്കുന്നത് ഗാന്ധി കുടുംബത്തിലാണെന്ന് മോദി വിമർശിച്ചു. രാജ്യമാണോ കുടുംബമാണോ അവർക്ക് വലുതെന്നും അദ്ദേഹം ചോദിച്ചു. പുൽവാമയിൽ വീരമൃത്യുവരിച്ച ജവാന്മാർക്കും രാജ്യത്തെ സംരക്ഷിക്കാനായി ജീവന്‍ ബലിയർപ്പിച്ച സൈനികർക്കും പ്രധാനമന്ത്രി ആദരാജ്ഞലിയർപ്പിച്ചു.
അതേസമയം, പ്രധാനമന്ത്രിയുടെ വിമർശനങ്ങൾക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. ജവാൻമാരുടെ സ്മാരകത്തെ ലജ്ജാകരമായ രാഷ്ട്രീയ പ്രസംഗത്തിനുള്ള വേദിയാക്കി മാറ്റരുതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പ്രതികരിച്ചു.