ന്യൂഡൽഹി: രാജ്യത്തിന്റെ സംസ്കാരത്തെയും പാരമ്പര്യത്തെയും നോക്കിക്കാണുന്ന രീതിക്ക് മാറ്റംവരുത്താൻ പുതുതായി ആരംഭിക്കുന്ന വേദവിദ്യാഭ്യാസ ബോർഡിന് സാധിക്കുമെന്ന് യോഗാഗുരു രാംദേവ്. ഡൽഹിയിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാംദേവിന്റെ പതഞ്ജലി യോഗപീഠ് ട്രസ്റ്റാണ് വേദ വിദ്യാഭ്യാസ ബോർഡ് സ്ഥാപിക്കുന്നത്.
'ബൈബിളിനെയും ഖുറാനെയും വിമർശിക്കാൻ ആർക്കും സാധിക്കില്ല. പക്ഷേ ഇന്ത്യയിൽ വേദങ്ങളെയും ഹിന്ദു മതത്തെയും വിമർശിക്കുന്ന ഒരു സംഘമുണ്ട്. പുതിയ ബോർഡ‍് വരുന്നതോടെ ആളുകളുടെ ചിന്താഗതിയിൽ മാറ്റംവരുമെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യൻ വിദ്യാഭ്യാസ ബോർഡ് വരുന്നതോടെ മെക്കാളെ പ്രഭുവിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്നും രാംദേവ് പറഞ്ഞു. നമുക്ക് അമേരിക്കയിൽ നിന്നോ യൂറോപ്പിൽ നിന്നോ ശാസ്ത്രീയ ചിന്താഗതി ആവശ്യമില്ല. നമുക്ക് നമ്മുടെ തന്നെ ശാസ്ത്രം ഉണ്ടെന്നും രാംദേവ് കൂട്ടിച്ചേർത്തു.