ലീഗ് കപ്പ് ഫൈനലിനിടെ നാടകീയ രംഗങ്ങൾ
ലണ്ടൻ: മാഞ്ചസ്റ്രർ സിറ്രിക്കെതിരായ ലീഗ് കപ്പ് ഫൈനലിനിടെ എക്സ്ട്രാ ടൈമിൽ ഗോൾ കീപ്പർ കെപ അരിസബഗാലെയെ സബ്‌സ്റ്രിറ്റ്യൂട്ട് ചെയ്യാനുള്ള ചെൽസി കോച്ച് മാരിയോ സറിയുടെ നീക്കം കെപ സമ്മതിക്കാത്തതിനാൽ റദ്ദ് ചെയ്യേണ്ടി വന്നത് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു.
മത്സരത്തിനിടെ താരങ്ങൾക്ക് പരിക്കേൽക്കുകയോ മാറ്രം ആവശ്യമാണെന്ന് പരിശീലകനം തോന്നുകയോ ചെയ്താൽ പകരക്കാരെ ഇറക്കുന്നത് ഫുട്ബാളിൽ സാധാരണമാണ്. താത്പര്യമില്ലെങ്കിലും കളിക്കാർ ഇത് അംഗീകരിക്കുകയാണ് പതിവ്. എന്നാൽ കെപയുടെ തീരുമാനം മറ്റൊന്നായിരുന്നു. മത്സരത്തിനിടെ ഹാംസ്ട്രിംഗ് ഇഞ്ച്വറിയുടെ ലക്ഷണങ്ങൾ കാണിച്ചതിനാലാണ് സറി കെപയെ മാറ്റി വില്ലി കാബല്ലറോയെ ഇറക്കാൻ തയ്യാറായത് എന്നാണ് വിവരം. എന്നാൽ കെപ ഇതിനെ എതിർത്തു. താൻ ഫിറ്റാണെന്നും തന്നെ പിൻവലിക്കേണ്ടെന്നും കെപ ആവർത്തിച്ചു പറഞ്ഞു. സഹതാരം ഡേവിഡ് ലൂയിസ് കെപയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സൈഡ് ലൈനിൽ നിന്ന് സറി അലറി വിളിച്ച് തിരിച്ച് വരാൻ ആവശ്യപ്പെട്ടെങ്കിലും കെപ ചെവിക്കൊണ്ടില്ല. ഒടുവിൽ റഫറി കെപയുടെ അടുത്തെത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം സറിയുടെ സമീപം ചെന്ന് കാര്യങ്ങൾ വിശദീകരിച്ചു. തുടർന്ന് സറി ദേഷ്യത്തോടെ സബ്സ്റ്റിറ്ര്യൂട്ട് തീരുമാനം പിൻവലിക്കുകയായിരുന്നു. തുടർന്ന് സൈഡ് ലൈനിൽ കളത്തിലിറങ്ങാൻ തയ്യാറായി നിന്ന കാബല്ലെറോ തിരിച്ച് പോവുകയും ചെയ്തു.
അലറി വിളിച്ചും സീറ്രിലടിച്ചും രോഷം പ്രകടിപ്പിടിപ്പിച്ച സറി ഒരു വേള എഴുന്നേറ്റ് ഡ്രസിംഗ് റൂമിലേക്കു പോവുകവരെ ചെയ്തു. കെപയുടെ ഈ നടപടിക്കെതിരെ മുൻ താരങ്ങളുൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി.