ഇന്ത്യ - ആസ്ട്രേലിയ രണ്ടാം ട്വന്റി-20 നാളെ
ബംഗളുരു : ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ട്വന്റി -20 പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം നാളെ ബംഗളുരുവിൽ നടക്കും. ചിന്നസ്വമി സ്‌റ്രേഡിയത്തിൽ രാത്രി 7 മുതലാണ് മത്സരം. ആദ്യ മത്സരത്തിൽ തോറ്റ ഇന്ത്യയ്ക്ക് നാളെ ജയിച്ചാൽ മാത്രമേ പരമ്പര നഷ്ടമാകാതെ മുഖം രക്ഷിക്കാനാകൂ. അതിനാൽ തന്നെ നാളെ തീപാറും പോരാട്ടം തന്നെ ആരാധകർക്ക് പ്രതീക്ഷിക്കാം.
വിശാപട്ടണത്ത് നടന്ന ആദ്യ മത്സരത്തിൽ അവസാന പന്തിലാണ് ഇന്ത്യ ഉയർത്തിയ വെല്ലുവിളി ആസ്ട്രേലിയ മറികടന്നത്. 126/7 എന്ന സ്കോറിലൊതുങ്ങിയിട്ടും ഓസീസിനെ അവസാനം വരെ വിറപ്പിച്ചാണ് ഇന്ത്യ കീഴടങ്ങിയത്. അവസാന ഓവറിൽ ആസ്ട്രേലിയയ്ക്ക് 14 റൺസാണ് ജയിക്കാൻ വേണ്ടിയിരുന്നത്. 19 ഒാവറിൽ 113/7 എന്ന നിലയിലായിരുന്നു അവർ. ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറിൽ റിച്ചാർഡ്സണും (7*) കമ്മിൻസും (7*) ചേർന്ന് 14 റൺസെടുത്ത് ആസ്ട്രേലിയയ്ക്ക് തകർപ്പൻ ജയം സമ്മാനിക്കുകയായിരുന്നു.
ആദ്യ മത്സരത്തിൽ കളിച്ച ഇന്ത്യൻ ടീമിൽ ചില മാറ്രങ്ങൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉമേഷ് യാദവ് പുറത്തിരിക്കാൻ സാധ്യതയുണ്ട്. അത് പോലെ തന്നെ ബാറ്രിംഗിൽ ധോണിയുടെ മെല്ലപ്പോക്ക് ഏറെവിമർശനത്തിന് വഴിതെളിച്ചിരുന്നു. അതേസമയം ധോണി നാളെ കളിക്കാനാണ് സാധ്യത. ആദ്യമായി ഇന്ത്യൻ ജേഴ്സിയണിഞ്ഞ മായങ്ക് മർക്കണ്ഡേയ്ക്കും ആദ്യ ട്വന്റി-20യിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. 4 ഓവർ എറിഞ്ഞ മാർക്കണ്ഡേ 31 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടിയില്ല. അതേസമയം വിശ്രമത്തിന് ശേഷം ടീമിൽ തിരിച്ചെത്തിയ ജസ്പ്രീത് ബുംറ തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. 4 ഓവറിൽ 16 റൺസ് മാത്രം നൽകി 3 വിക്കറ്രുകൾ ബുംറ സ്വന്തമാക്കി. ക്രുനാൽ പാണ്ഡ്യയം നന്നായി ബൗൾ ചെയ്തു. ബാറ്രിംഗിൽ കെ.എൽ.രാഹുൽ ഫോം വീണ്ടെടുത്തത് ഇന്ത്യയ്ക്ക് പ്ലസ് പോയിന്റാണ്.