തിരുവനന്തപുരം: വേനലിന്റെ കൊടുംചൂടിൽ നാടും കാടുമെല്ലാം കത്തിയെരിയുകയാണ്. തിരക്കേറിയ നമ്മുടെ നഗരത്തിലും ഏത് നിമിഷവും അഗ്നിബാധയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് അർത്ഥം. എന്നാൽ ഇതിനെ നേരിടാനുള്ള ദുരന്ത നിവാരണ സംവിധാനങ്ങളൊന്നും ഇവിടെയില്ലെന്നതാണ് വാസ്തവം. സെക്രട്ടേറിയറ്റും നിയമസഭയും ഡയറക്ടറേറ്റുകളുമടക്കം നൂറിലേറെ സർക്കാർ ഓഫീസുകൾ. പദ്മനാഭസ്വാമി ക്ഷേത്രവും ചാലക്കമ്പോളവും സ്കൂളും കോളേജുമടക്കം ആയിരത്തിലേറെ സ്ഥാപനങ്ങൾ. ഇവയ്ക്കെല്ലാം കൂടി സുരക്ഷയൊരുക്കാൻ രണ്ട് ഫയർസ്റ്റേഷനുകളിലും കൂടി നഗരത്തിൽ ആകെയുള്ളത് ഏഴ് ഫയർ എൻജിനുകൾ മാത്രമാണ്. ഇവയിൽ പലതും പഴക്കം ചെന്നതുമാണ്. അതേസമയം ഈ മാസം മാത്രം ചെങ്കൽചൂള ഫയർഫോഴ്സ് സ്റ്റേഷനിൽ എത്തിയ കാളുകളുടെ കണക്ക് ഇരുനൂറിലേറെയാണ്. ഈ സംവിധാനങ്ങളും വച്ച് ഓടിയാൽ എങ്ങുമെത്തില്ലെന്ന് സാരം.
സേനയുണ്ട്, പക്ഷേ ആധുനിക സംവിധാനങ്ങളില്ല
മറ്റു പല സംസ്ഥാനത്തെയും വച്ചു നോക്കുമ്പോൾ ദുരന്തനിവാരണത്തിൽ പിന്നിലാണ് കേരളം. ദേശീയമാനദണ്ഡമനുസരിച്ച് സംസ്ഥാനത്ത് 250 ലേറെ ഫയർസ്റ്റേഷനുകൾ വേണം. ഉള്ളതാകട്ടെ 124 എണ്ണവും.
തലസ്ഥാന നഗരത്തിൽ ആവശ്യത്തിന് ഫയർമാൻമാരുണ്ടെങ്കിലും ഇവരുടെ കൈയിൽ തീപിടിത്തത്തെ നേരിടാൻ അത്യാധുനിക സംവിധാനങ്ങളൊന്നുമില്ല. ആവശ്യത്തിന് ആംബുലൻസും സ്ട്രെച്ചറും പോലുമില്ല.
സെക്രട്ടേറിയറ്റിന്റെ കാര്യമാണെങ്കിൽ പിന്നെ പറയണ്ട !
മരത്തിന്റെ പാളികൾ കൊണ്ടുണ്ടാക്കിയ തറയും സീലിംഗും ചകിരി കാർപ്പറ്റുകളും കർട്ടനുകളും എന്നിങ്ങനെ തീപിടിത്തമുണ്ടായാൽ അതിവേഗം പടർന്നുപിടിക്കാൻ സാദ്ധ്യതയുള്ള എല്ലാം സെക്രട്ടേറിയറ്റിലുണ്ട്. ഇടനാഴികളിൽ പഴയ ഫർണിച്ചറും മറ്റും കൂട്ടിയിട്ടിരിക്കുകയാണ്. ഇടനാഴികളുടെ അറ്റം ചുമരു കെട്ടിത്തിരിക്കരുതെന്നാണു ചട്ടമെങ്കിലും പലയിടത്തും ഇടനാഴികൾ പുറത്തേക്ക് വഴിയില്ലാതെ അവസാനിക്കുകയാണ്. നോർത്ത് സാൻഡ് വിച്ച് ഉൾപ്പെടെ കെട്ടിടങ്ങൾക്ക് ചട്ടപ്രകാരം വേണ്ടത്ര ഗോവണികളുമില്ല. പല മുറികളിലും വേണ്ടത്ര വായുസഞ്ചാരമില്ല. എ.സി സൗകര്യമൊരുക്കാനായി പലതും അശാസ്ത്രീയമായി കെട്ടിയടച്ചിരിക്കുകയാണ്. തീപിടിത്തമുണ്ടായാൽ രക്ഷപ്പെടാനുള്ള മാർഗങ്ങൾ എല്ലായിടത്തും പ്രദർശിപ്പിക്കണം എന്നതടക്കമുള്ള നിബന്ധനകൾ ഇവിടെ പാലിച്ചിട്ടില്ല. തീയണയ്ക്കാനുള്ള ഉപകരണങ്ങളാകട്ടെ പേരിനു മാത്രം.
മെഡിക്കൽ കോളേജിലും തീപിടിത്തമുണ്ടാകാം
മെഡിക്കൽ കോളേജ് ആശുപത്രി, ആർ.സി.സി, ശ്രീചിത്രാ മെഡിക്കൽ സെന്റർ, എസ്.എ.ടി തുടങ്ങി അഞ്ചിലേറെ സ്ഥാപനങ്ങളിലായി ദിവസവും ആയിരക്കണക്കിന് രോഗികളെത്തുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലും കാര്യമായ അഗ്നി സുരക്ഷാ സംവിധാനങ്ങളില്ല. പല വാർഡുകളിലും പഴക്കം ചെന്ന വയറിംഗാണ്. തലങ്ങും വിലങ്ങും സ്ഥാപിച്ചിരിക്കുന്ന ഈ വയറിംഗ് സംവിധാനവും അപകടം വരുത്തും. തീപിടിത്ത സാദ്ധ്യതയുണ്ടെന്ന് മൂന്നുതവണ ഫയർഫോഴ്സ് അധികൃതർ ആശുപത്രി അധികൃതർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ കത്ത് പരിഗണിക്കുകയോ മറുപടി നൽകുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ പറയുന്നു.
ആശുപത്രിക്ക് പുറത്തായി ഹോട്ടലുകളടക്കം നിരവധി വ്യാപാരസ്ഥാപനങ്ങളുണ്ട്. ഭൂരിഭാഗം കെട്ടിടങ്ങളും പഴയതാണ്. പഴകിയ ഇലക്ട്രിക് വയറിംഗ് സംവിധാനം, വീതികുറഞ്ഞ ഇടവഴികൾ, പഴക്കം ചെന്ന മേൽക്കൂരകൾ തുടങ്ങിയവയെല്ലാം സുരക്ഷയ്ക്ക് വെല്ലുവിളിയാണ്. 1,500 മുതൽ 2000 വരെ വിലയുള്ള ഫയർ സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാണെങ്കിലും അവ വാങ്ങിവയ്ക്കാൻ പലരും തയ്യാറാകാറില്ല. അത്യാഹിതമുണ്ടായാൽ കിലോമീറ്ററുകൾ താണ്ടി ചാക്കയിൽ നിന്നോ ചെങ്കൽ ചൂളയിൽ നിന്നോ വേണം ഫയർഫോഴ്സ് എത്താൻ. ഇത്തിരി വൈകിയാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നതാണ് സ്ഥിതി. മെഡിക്കൽ കോളേജ് പ്രദേശത്ത് പുതിയൊരു ഫയർഫോഴ്സ് യൂണിറ്റ് കഴിഞ്ഞ വർഷം സർക്കാർ അനുവദിച്ചെങ്കിലും ഇതുവരെ നിലവിൽ വന്നില്ല.
ഇനിയൊരു ദുരന്തം ചാല താങ്ങില്ല
തലസ്ഥാനത്തെ പൈതൃക കമ്പോളമായ ചാലയുടെ സ്ഥിതി ഇതിലും കഷ്ടമാണ്. കാലപ്പഴക്കമുള്ള ചെറിയ കടകളാണ് ചാലയിൽ ഭൂരിഭാഗവും. ചെറിയ കുടുസുമുറി കണക്കുള്ള അയ്യായിരത്തോളം കടകൾ. 3000 ത്തിലേറെ വീടുകൾ, വീതികുറഞ്ഞ റോഡുകൾ, സുരക്ഷയില്ലാത്ത വൈദ്യുതി ലൈനുകൾ, ഇരുചക്രവാഹനത്തിന് പോലും കടക്കാൻ കഴിയാത്തവിധം ഗതാഗതക്കുരുക്ക്. നിർമാണ ചട്ടം പാലിക്കാത്ത കെട്ടിടങ്ങളും നിരവധിയുണ്ട്. ഇവിടേക്ക് വൈദ്യുതി എത്തിക്കുന്ന ലൈനുകളും സർവീസ് വയറുകളും കൂട്ടുപിണഞ്ഞു കിടക്കുന്നു. വൈദ്യുതി ഷോർട്ട് സർക്യൂട്ട് നിത്യ സംഭവമാണ്. 1852ൽ തുടങ്ങി കഴിഞ്ഞ വർഷം വരെ നൂറിലേറെ അപകടങ്ങളാണിവിടെയുണ്ടായത്.
ചാലയിലേക്ക് വലിയ വാഹനങ്ങൾക്ക് കടക്കാൻ പറ്റിയ ഏക റോഡ് കിള്ളിപ്പാലത്തുനിന്ന് കിഴക്കേകോട്ടയിലേക്കുള്ളതാണ്. മറ്റ് റോഡുകളിൽ ചരക്കിറക്കാൻ കാത്തുകിടക്കുന്ന ലോറികളുടെയും കമ്പോളത്തിലെത്തുന്നവരുടെ വാഹനങ്ങളുടെയും ബാഹുല്യമാണ്. ചാലയ്ക്ക് മാത്രമായി കിള്ളിപ്പാലത്ത് ട്രിഡയുടെ സ്ഥലത്ത് ഫയർഫോഴ്സ് യൂണിറ്റ് അനുവദിച്ചെങ്കിലും അതും നടപ്പായില്ല.പാളയം കണ്ണിമേറ മാർക്കറ്റിന്റെ സ്ഥിതിയും മറിച്ചല്ല.
ശ്രീപദ്മനാഭനും സുരക്ഷിതനല്ല
ഒമ്പതേക്കറിൽ വ്യാപിച്ചുകിടക്കുന്ന പദ്മനാഭ ക്ഷേത്രത്തിലും അഗ്നിബാധയ്ക്ക് സാദ്ധ്യതയുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിനുള്ളിൽ, ക്ഷേത്ര ഗോപുരം, അന്നദാനപ്പുര, പായസപ്പുര, അഗ്രശാല, ഗണപതി കോവിൽ, തിടപ്പള്ളി ഉൾപ്പെടെയുള്ളവ തടിയിൽ നിർമിച്ചതാണ്. ഗ്യാസും വിറകും ഉപയോഗിച്ചാണ് ഇവിടെ പാചകം ചെയ്യുന്നത്. ക്ഷേത്രത്തിനുള്ളിലെ വൈദ്യുതി ലൈനുകൾക്കും പഴക്കമുണ്ട്. ക്ഷേത്രത്തിനു ചുറ്റുമുള്ള കൊട്ടാരങ്ങളിലും പഴക്കമുള്ള തടിയുരുപ്പടികൾ കൂടുതലാണ്. പോരാത്തതിന് അടുത്തടുത്തായി നൂറ് കണക്കിന് വ്യാപാരസ്ഥാപനങ്ങളും ഗോഡൗണുകളുമുണ്ട്. തീപിടിത്തം പെട്ടെന്ന് അറിയുന്നതിന് 'സ്മോക് ഡിറ്റക്ടർ', അലാറം, വൈദ്യുതി നിയന്ത്രണ സംവിധാനം എന്നിവ അടിയന്തരമായി സ്ഥാപിക്കണമെന്ന് അഗ്നിശമന സേന അധികൃതർ അറിയിച്ചെങ്കിലും അതും നടന്നില്ല.
അഗ്നിസുരക്ഷാ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. എൻ.ഒ.സി വാങ്ങാതെ പ്രവർത്തിക്കുന്നതും എൻ.ഒ.സി പുതുക്കാത്തതുമായ കെട്ടിടങ്ങൾക്കും അനുമതി ലഭിച്ചിട്ടും സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിക്കാത്തവയ്ക്കുമെതിരെ അടിയന്തര നടപടി എടുക്കും.
എ. ഹേമചന്ദ്രൻ, അഗ്നിശമന സേന മേധാവി