തിരുവനന്തപുരം : കെട്ടിട നിർമ്മാണ അനുമതി നൽകാൻ പുതുതായി നടപ്പാക്കിയ ഐ.ബി.പി.എം.എസ് സോഫ്റ്റ്വെയർ നഗരവാസികളെ വട്ടം കറക്കുന്നു. ഒന്നരമാസത്തിനിടെ നഗരപരിധിയിലെ 372 അപേക്ഷകളാണ് തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത്. സർക്കാർ സോഫ്റ്റ്വെയറായ സങ്കേതത്തെ ഒഴിവാക്കി ഒക്ടോബർ ഒന്നു മുതലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഐ.ബി.പി.എം.എസ് ഉപയോഗിച്ചു തുടങ്ങിയത്.
തുടക്കം മുതൽ പരാതി പ്രളയമായതോടെ നഗരസഭാ അധികൃതരും പരിഹാരം കാണാൻ നെട്ടോട്ടമോടുകയാണ്. ഇതിനിടെ സാങ്കേതിക കാരണങ്ങളാൽ ഒരാഴ്ചത്തേക്ക് സോഫ്റ്റ്വെയർ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ മാർച്ച് ഒന്നുവരെയാണ് സോഫ്റ്റ്വെയർ പ്രവർത്തനം താത്കാലികമായി നിലയ്ക്കുന്നത്. താത്കാലിക സെർവറിൽ നിന്നും വിവരങ്ങൾ സ്ഥിരം സെർവറിലേക്ക് മാറ്റുന്നതിനാലാണ് ഒരാഴ്ച സോഫ്റ്റ് വെയർ പ്രവർത്തനം സ്തംഭിക്കുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ജനറൽ പെർമിറ്റുകൾ കുന്നുകൂടി കിടക്കുന്നതിന് പുറമേ സോഫ്റ്റ്വെയർ പണിമുടക്കുന്നതിനാൽ ഈ ആഴ്ച നഗരത്തിൽ ഏകദിന പെർമിറ്റും നൽകാൻ കഴിയില്ല.
സംസ്ഥാനത്ത് ഉടനീളം സോഫ്റ്റ്വെയർ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിലാണ് തലസ്ഥാനത്ത് നടപ്പാക്കിയത്. നാലുമാസം പിന്നിട്ടിട്ടും സോഫ്റ്റ്വെയർ കമ്പനി അധികൃതരുടെ സഹായത്തോടെയാണ് നഗരസഭയിൽ അപേക്ഷകൾ പരിശോധിക്കുന്നത്. ആദ്യം ഒരു കമ്പനി പ്രതിനിധിയായിരുന്നു ഇതിനായി നഗരസഭയിലുണ്ടായിരുന്നത്. എന്നാൽ അപേക്ഷകൾ കുന്നുകൂടിയതോടെ മറ്റൊരു കമ്പനി പ്രതിനിധികൂടി നഗരസഭാ അധികൃതരുടെ അഭ്യർത്ഥനയെ തുടർന്ന് അപേക്ഷകൾ പരിശോധിക്കുന്നുണ്ട്. കെട്ടിടനിർമ്മാണ അനുമതിക്കുള്ള അപേക്ഷകൾ നിയമാനുസൃതം പരിശോധിക്കേണ്ടതും അനുമതി നൽകുന്നതിൽ അന്തിമതീരുമാനമെടുക്കേണ്ടതും ഉദ്യോഗസ്ഥരാണ്. എന്നാൽ സോഫ്റ്റ്വെയറുമായി ഉദ്യോഗസ്ഥർ പരിചിതരായിട്ടില്ല.
അനധികൃത കെട്ടിടങ്ങൾ ഉയരുന്നു
നിയമപ്രകാരം ജനറൽപെർമിറ്റിന് അപേക്ഷിച്ചാൽ 15 ദിവസത്തിനുള്ളിൽ അനുമതി ലഭ്യമാക്കണം. ഇല്ലെങ്കിൽ കൃത്യമായ കാരണം അപേക്ഷകനെ ബോധിപ്പിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് യാതൊരു അറിയിപ്പും ലഭിക്കാത്തപക്ഷം 15 ദിവസത്തിന് ശേഷം അപേക്ഷകന് നിർമ്മാണം ആരംഭിക്കാമെന്ന് ബിൽഡിംഗ് റൂളിൽ വ്യക്തമാക്കുന്നു. സോഫ്റ്റ്വെയറിലെ തകരാറുകാരണം അപേക്ഷകൾ തീർപ്പാക്കാൻ അധികൃതർക്ക് കഴിയാതെവന്നതോടെ നഗരത്തിൽ വ്യാപകമായി അനുമതി ഇല്ലാതെയുള്ള നിർമ്മാണങ്ങളും ആരംഭിച്ചിട്ടുണ്ട്. നിയമം അറിയാവുന്ന ബിൽഡിംഗ് പ്ലാനർമാർ ഈ സാഹചര്യം മുതലാക്കുകയാണ്. ഇത്തരം നിർമ്മാണങ്ങൾ നഗരവികസനത്തിനും പരിസ്ഥിതിക്കും പ്രതികൂലമായാൽ അത് നഗരസഭയ്ക്ക് വീണ്ടും തലവേദനയാകും.
സെർവർ മാറ്റുന്നതിനുള്ള സാങ്കേതിക ബുദ്ധിമുട്ടാണ് ഇന്നു മുതൽ ഉണ്ടാകുന്നത്. സെർവർ മാറ്റി കഴിഞ്ഞാൽ
മാർച്ച് മുതൽ കൂടുതൽ കാര്യക്ഷമമായി അപേക്ഷകൾ തീർപ്പാക്കാൻ കഴിയും.
- ശ്യാം
ഐ.ടി ഓഫീസർ, നഗരസഭ