തിരുവനന്തപുരം: മനുഷ്യരുടെ ജീവന് ജില്ലാഭരണകൂടവും പൊലീസും എത്രമാത്രം പ്രാധാന്യം കല്പിക്കുന്നു എന്നറിയാൻ കിഴക്കേകോട്ടയിലെ നോർത്ത് ബസ് സ്റ്റാൻഡിൽ എത്തിയാൽ മതി. ബസ് ഷെൽട്ടറിനോടു ചേർന്ന് ബസ് നിറുത്താൻ അവകാശം കെ.എസ്.ആർ.ടി.സി ബസുകൾക്ക് മാത്രമാണ്. നഗരത്തിൽ സർവീസ് നടത്തുന്ന സ്വകാര്യബസുകൾ തീണ്ടാപ്പാട് അകലെ റോഡിനു നടുക്ക് നിറുത്തിയാണ് യാത്രക്കാരെ കയറ്റുന്നത്.ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തിലും ദർശനത്തിനെത്തുന്നവർ, ചാല മാർക്കറ്റിൽ പോകുന്നവർ, വിദ്യാർത്ഥികൾ... സദാ തിരക്കാണെപ്പോഴും ഇവിടെ. റോഡ് മുറിച്ചു കടക്കുമ്പോൾ, ബസിൽ കയറുമ്പോൾ, ഇറങ്ങുമ്പോൾ ആരുടെയൊക്കെയോ അശ്രദ്ധ കാരണം എത്രയോ പേരുടെ ജീവൻ ഇവിടെ നഷ്ടപ്പെട്ടിരിക്കുന്നു.
ഇന്നലെ കണ്ട കാഴ്ചകൾ
രാവിലെ പതിനൊന്നരയോടെ ഇവിടെ എത്തിയപ്പോൾ കണ്ടത് കെ.എസ്.ആർ.ടി.സി ബസുകൾക്ക് മാത്രം യാത്രക്കാരെ കയറ്റാൻ അവകാശം ഉള്ള സ്ഥലത്ത് ആട്ടോറിക്ഷകൾ നിരന്നു കിടക്കുന്നു. ഇരുചക്രവാഹനങ്ങൾ വേഗത്തിൽ കയറിയിറങ്ങി പോകുന്നു. ഇത് ചോദ്യം ചെയ്യാൻ കെ.എസ്.ആർ.ടി.സിക്കാരനും ഇല്ല, ട്രാഫിക് പൊലീസുകാരനുമില്ല. വാഹനത്തിരക്കേറുമ്പോൾ റോഡ് മുറിച്ചു കടക്കാൻ യാത്രക്കാർ വല്ലാതെ ബുദ്ധിമുട്ടുന്നു. സീബ്രാലൈനിൽ കൂടി പോലും കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാൻ കഴിയുന്നില്ല.
വെറും പ്രഖ്യാപനങ്ങളായ പദ്ധതികൾ
അപകടങ്ങൾ സംഭവിക്കുമ്പോൾ കുറച്ചു ദിവസം പൊലീസ് വിസിലടിച്ച് ജാഗ്രത പാലിക്കുന്നുവെന്ന് ബോദ്ധ്യപ്പെടുത്തും. ജില്ലാ ഭരണകൂടം ഒരു യോഗം ചേർന്ന് നടപടികളൊക്കെ വിലയിരുത്തും. ജനത്തെ പറ്റിക്കാൻ പല പദ്ധതികളും നടപ്പിലാക്കുമെന്നു പറയും. അതോടെ എല്ലാം കഴിയും. ആകാശപാത, കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ അണ്ടർപാസ് തുടങ്ങി അധികൃതരുടെ മോഹനവാഗ്ദാനങ്ങൾ നിരവധിയാണ്. വീണ്ടും അത് പ്രഖ്യാപിക്കുന്നവരോട് നഗരവാസികൾക്ക് ഒന്നേ ചോദിക്കാനുള്ളു. ലേശം ഉളുപ്പ്?
ആ തീരുമാനവും നടപ്പിലായില്ല
കിഴക്കേകോട്ടയിൽ സ്വകാര്യബസുകൾക്ക് മറ്റൊരിടം ഒരുക്കുമെന്ന് തീരുമാനമുണ്ടായി.സിറ്റി പൊലീസ് കമ്മിഷണർ കൂടി പങ്കെടുത്ത ട്രാൻസ്പോർട്ട് അതോറിട്ടി തീരുമാനം നടപ്പാക്കാൻ ട്രാഫിക് പൊലീസ് തയ്യാറല്ല. മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ ഈ പ്രദേശത്തേക്ക് എത്താറേയില്ല. സ്വകാര്യബസുകാരുടെ അനധികൃത ഓട്ടത്തിന് ഒത്താശ ചെയ്യുന്നുവെന്ന് മോട്ടോർ വാഹന വകുപ്പിനെ കുറിച്ച് നേരത്തേ തന്നെ ആരോപണമുണ്ട്. കിഴക്കേകോട്ടയിലെ മറ്റ് ഗതാഗത നിയമലംഘനം തടയാനും മോട്ടോർവാഹനവകപ്പ് ശ്രമിച്ചിട്ടില്ല.
ഇതൊക്കെ കളക്ടർ കാണുന്നുണ്ടോ?
ജില്ലാ കളക്ടർ കെ. വാസുകി അദ്ധ്യക്ഷയായ സമതിക്കാണ് ഗതാഗതപരിഷ്കരണങ്ങളുടെ ചുമതല. എടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നുണ്ടോ എന്ന് സമിതി പരിശോധിക്കാറില്ല. ഇതു സംബന്ധിച്ച പരാതികൾ പറയാൻ ജില്ലാ കളക്ടറുടെ ഔദ്യോഗിക നമ്പരിൽ വിളിച്ചാൽ എടുക്കാറില്ല. അഥവാ എടുത്താൽ തന്നെ കളക്ടറോടു സംസാരിക്കാനാകില്ല. അട്ടക്കുളങ്ങര മുതൽ പഴവങ്ങാടി വരെ അപകടമേഖലയാണെന്നാണ് റോഡ് സേഫ്ടി അതോറിട്ടിയുടെ പുതിയ റിപ്പോർട്ടിൽ പറയുന്നത്. ഈ റിപ്പോർട്ട് വന്നിട്ട് പോലും ജില്ലാ ഭരണകൂടം അനങ്ങിയിട്ടില്ല.