തിരുവനന്തപുരം: നവകേരള നിർമ്മിതിയിൽ യുവ കലാകാരന്മാരെ പങ്കാളികളാക്കി സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന 'സമഭാവന' സർഗോത്സവം നാളെ അനന്തപുരിയുടെ സർഗസായാഹ്നത്തെ സമ്പന്നമാക്കും. സർക്കാരിന്റെ വജ്രജൂബിലി ഫെലോഷിപ്പിന് അർഹരായ 1000 യുവ കലാകാരന്മാരാണ് വിവിധ കേരളീയ കലകളുടെ അവതരണവുമായി സെൻട്രൽ സ്റ്റേഡിയത്തിലെ പ്രൗഢമായ വേദിയിലെത്തുക. വൈകിട്ട് അഞ്ചിന് മന്ത്രി എ.കെ. ബാലന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർഗോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
ഗദ്ദിക, മാപ്പിള രാമായണം, കേരളനടനം, കഥകളി, മോഹിനിയാട്ടം, വഞ്ചിപ്പാട്ട്, തുള്ളൽത്രയം, തോൽപ്പാവക്കൂത്ത്, കൂടിയാട്ടം, നാടകം, മാർഗംകളി, വനിതാ പൂരക്കളി, നാടോടി- ഗോത്ര കലാരൂപങ്ങളുടെ സമന്വയം തുടങ്ങി മുപ്പതിൽപരം കലാരൂപങ്ങളുമായി മുന്നൂറോളം കലാപ്രതിഭകളാണ് അരങ്ങിലെത്തുക.
മിഴാവു കൊട്ടി തുടക്കം
14 മിഴാവുകൾ കൊട്ടിയാണ് സ്റ്റേജ് ഷോയ്ക്ക് അരങ്ങുണരുക. തുടർന്ന് അതിജീവനവും നവകേരള നിർമ്മിതിയും പ്രമേയമാക്കി പ്രഭാവർമ്മ എഴുതി ഡോ. ഓമനക്കുട്ടി ഈണം നൽകിയ മുദ്രാഗാനം. പിന്നാലെ എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തിലെ യുദ്ധകാണ്ഡം തോൽപ്പാവക്കൂത്തായും കാറൽമാൻ ചരിതം ചവിട്ടുനാടകമായും മാപ്പിള രാമായണവും അവതരിപ്പിക്കപ്പെടും.
കോട്ടയത്ത് തമ്പുരാന്റെ പട്ടാഭിഷേകം കഥകളി, കുഞ്ചൻ നമ്പ്യാരുടെ കല്യാണസൗഗന്ധികം തുള്ളൽ, വള്ളത്തോളിന്റെ 'എന്റെ ഗുരുനാഥന്റെ' കേരളനടന ആവിഷ്കാരം, ബോധായനന്റെ 'ഭഗവദ്ജ്ജുകം'കൂടിയാട്ടം, കുമാരനാശാന്റെ 'ദുരവസ്ഥ'യുടെ വിൽപ്പാട്ട് രൂപം, വി.ടി. ഭട്ടതിരിപ്പാടിന്റെ 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' നാടകം തുടങ്ങി രാമപുരത്ത് വാര്യർ, ഇടശ്ശേരി, ജി. ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ, വയലാർ, അയ്യപ്പപ്പണിക്കർ, കടമ്മനിട്ട, ഒ.എൻ.വി എന്നിവരുടെ കവിതകൾ വിവിധ കേരളീയ കലകളുമായി കൂട്ടിച്ചേർത്ത് അവതരിപ്പിക്കും.
ഓരോ അവതരണത്തിനും മുന്നേ അതത് സൃഷ്ടികൾ രൂപപ്പെട്ട സാംസ്കാരിക പശ്ചാത്തലവും കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക പ്രബുദ്ധതയും മാറ്റങ്ങളും അടയാളപ്പെടുത്തുന്ന ഹ്രസ്വ ദൃശ്യാവിഷ്കാരങ്ങൾ ആമുഖമായുണ്ടാകും. സ്ക്രീനും സ്റ്റേജും ലൈറ്റും സൗണ്ടും നവദൃശ്യ സാദ്ധ്യതകളും ഇഴചേർത്ത് വേഗതയാർന്നതും ഏറെ ആസ്വാദ്യകരമായതുമായ ശൈലിയിലാണ് ഓരോ കലാരൂപങ്ങളും തനിമ ചോർന്നുപോകാതെ അവതരിപ്പിക്കപ്പെടുക. വൈലോപ്പിള്ളിയുടെ 'പന്തങ്ങൾ' എന്ന കവിതയുടെ ആധുനിക സംഗീത ദൃശ്യാവിഷ്കാരത്തോടെയാണ് സർഗോത്സവം പൂർത്തിയാവുക.
എഴുത്തച്ഛൻ മുതൽ ഒ.എൻ.വി വരെ
എഴുത്തച്ഛൻ മുതൽ ഒ.എൻ.വി വരെയുള്ള കവികളുടെ വിഖ്യാത കവിതകളെ വ്യത്യസ്തതയാർന്ന കലാരൂപങ്ങളുടെ താളത്തിലും ഈണത്തിലും ചിട്ടപ്പെടുത്തിയതാണ് ഈ മൾട്ടിമീഡിയ മെഗാഷോ. കലാസൃഷ്ടികളുടെ തനിമ നിലനിറുത്തുന്ന ശൈലിയിൽ ഓരോ അവതരണവും എട്ട് മിനിട്ട് ദൈർഘ്യത്തിലാണ് അതത് രംഗത്തെ വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്. രണ്ട് മാസത്തെ റിഹേഴ്സൽ ക്യാമ്പിലൂടെ കടന്നുപോയ ശേഷമാണ് നവ സാങ്കേതിക സാദ്ധ്യതകൾ ഉപയോഗിച്ച് മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സമഭാവന അരങ്ങിലെത്തുന്നത്. നാടക ചലച്ചിത്ര സംവിധായകനായ പ്രമോദ് പയ്യന്നൂരാണ് സമഭാവനയുടെ രൂപകല്പനയും സാക്ഷാത്കാരവും നിർവഹിക്കുന്നത്.
വജ്രജൂബിലി ഫെലോഷിപ്പ് കലാകാരൻമാരോടൊപ്പം അവർ പ്രാദേശികാടിസ്ഥാനത്തിൽ പരിശീലിപ്പിക്കുന്ന സ്കൂൾ കോളേജ് വിദ്യാർത്ഥികളും സർഗോത്സവത്തിന്റെ ഭാഗമാകും. ഭാരത് ഭവനാണ് പരിപാടിയുടെ സർഗാത്മക സംഘാടകർ.