തിരുവനന്തപുരം: സംഗീതജ്ഞ, നർത്തകി, ചിത്രകാരി...അങ്ങനെ വിശേഷണങ്ങൾ ഏറെയാണ് ഗാഥാ രാജേഷ് എന്ന ബിരുദ വിദ്യാർത്ഥിനിക്ക്. ഒറ്റവാക്കിൽ പറഞ്ഞാൽ സർവകലാവല്ലഭ. ആറാം വയസിൽ തുടങ്ങിയ നൃത്തസപര്യയും എട്ടാം വയസിൽ തുടങ്ങിയ സംഗീതസപര്യയും ബിരുദതലം വരെ എത്തി നിൽക്കുമ്പോൾ ഇതിനിടെ ഗാഥ ആടിയും പാടിയും കയറിയ പടവുകൾ ഏറെയാണ്.
ഗായകനായിരുന്ന കുളത്തൂർ ആർ. രാജേന്ദ്രന്റെ ചെറുമകളായ ഗാഥ സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് ജനിച്ചത്. അച്ഛൻ രാജേഷ് വിദേശത്താണ്. അമ്മ സൗമ്യ രാജേഷും അറിയപ്പെടുന്ന ഗായികയായിരുന്നു. ആറാം വയസിൽ നൃത്തത്തിലൂടെയാണ് ഗാഥ തന്റെ കലാസപര്യയ്ക്ക് തുടക്കം കുറിച്ചത്.
ശ്രീനാരായണ ഗുരു രണ്ടാമത് ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ക്ഷേത്ര സന്നിധിയിലായിരുന്നു സംഗീതത്തിലുള്ള ഗാഥയുടെ അരങ്ങേറ്റം. പിന്നീട് ഗുരുവായൂർ ക്ഷേത്രം, മൂകാംബിക ക്ഷേത്രം എന്നിവിടങ്ങളിലടക്കം നൃത്തം അവതരിപ്പിച്ചു. 2017ൽ ഓണാഘോഷത്തോട് അനുബന്ധിച്ച് പാർലമെന്റിൽ നടത്തിയ റിഗാറ്റ എന്ന നൃത്തസന്ധ്യയിൽ ഗാഥയും പങ്കെടുത്തിരുന്നു. അന്ന് രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖർജിയിൽ നിന്ന് ഉപഹാരവും ലഭിച്ചു. കഴക്കൂട്ടം മരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം വർഷ ലിറ്ററേച്ചർ വിദ്യാർത്ഥിയായ ഗാഥ കോളേജിലും താരമാണ്.