തിരുവനന്തപുരം: തൈക്കാട് ഗസ്റ്റ് ഹൗസിൽ തല ഉയർത്തി നിൽക്കുന്ന നൂറ് വർഷത്തിലേറെ പഴക്കമുള്ള അകിൽ മരം മുറിക്കാനുള്ള നീക്കത്തിൽ നിന്ന് അധികൃതരെ പിന്തിരിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തോട് അപേക്ഷിച്ച് ട്രീവാക്ക് പരിസ്ഥിതി സംഘടന. കഴിഞ്ഞ ദിവസം തൈക്കാട്ടെ വിവിധ മരങ്ങൾ കേന്ദ്രീകരിച്ച് സംഘം നടത്തിയ പര്യടനത്തിനിടെ അവിചാരിതമായാണ് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ അവസരം ലഭിച്ചത്. 'ഗസ്റ്ര് ഹൗസിലെ അകിൽ മരത്തിനും കത്തിവയ്ക്കുന്നു ' എന്ന തലക്കെട്ടിൽ അകിൽ മരം മുറിക്കുന്നതിനെക്കുറിച്ച് കേരളകൗമുദിയുടെ സിറ്റി കൗമുദിയിൽ കഴിഞ്ഞ 23ന് പ്രസിദ്ധീകരിച്ച വാർത്ത ഏറെ ചർച്ചകൾക്ക് വിഷയമായിരുന്നു. തൈക്കാട് ഗസ്റ്റ് ഹൗസിൽ പുതുതായി നിർമ്മിക്കാൻ പോകുന്ന കെട്ടിടങ്ങൾക്കായി പരിസ്ഥിതിയുടെ ജീവനാഡികളായ ഒട്ടേറെ മരങ്ങൾ മുറിക്കുന്നതിനെതിരെ മുഖ്യമന്ത്രി അടക്കമുള്ളവരോട് പരാതിപ്പെടാനൊരുങ്ങുകയാണ് സംഘം. ഡോ. എസ്. ശാന്തി നയിച്ച യാത്രയിൽ ഡോ. ആശാ കമ്പുറത്ത്, ഡോ. എബ്രഹാം, റെനു ഹെൻട്രി, ഡോ. മുരളി മോഹൻ, അനിത .എസ്, തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.