തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനു വേണ്ടി ലെനിൻ രാജേന്ദ്രൻ വിഭാവനം ചെയ്ത മൾട്ടിപ്ളക്സ് തിയേറ്റർ തമ്പാനൂർ ബസ് ടെർമിനൽ കോംപ്ലക്സിൽ സജ്ജമാകുന്നു. ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനായിരുന്നപ്പോൾ ലെനിൻ രാജേന്ദ്രൻ ആസൂത്രണം ചെയ്ത പദ്ധതികളിലൊന്നായിരുന്നു ഇത്. തിയേറ്ററിന്റെ നിർമ്മാണത്തിന്റെ അവസാനഘട്ടത്തിലാണ് അദ്ദേഹം ഓർമ്മയായത്. ലെനിൻ സിനിമാസ് എന്ന പേരിലാണ് കോർപറേഷൻ തിയേറ്റർ തുറക്കുന്നത്.
നാളെ വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ. ബാലൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി എ.കെ. ശശീന്ദ്രൻ, വി.എസ്. ശിവകുമാർ എം.എൽ.എ, മേയർ വി.കെ. പ്രശാന്ത് എന്നിവർ സംബന്ധിക്കും.
സംസ്ഥാന സർക്കാരിന്റെ പ്ളാൻ പദ്ധതിയിലുൾപ്പെടുത്തി ബസ് ടെർമിനലിന്റെ മൂന്നാം നിലയിലാണ് തിയേറ്റർ സജ്ജമാക്കിയത്. 4കെ- 3 ഡി. ഡിജിറ്റൽ പ്രൊജക്ഷനാണ് തിയേറ്ററിലുള്ളത്. ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റത്തിൽ ജെ.ബി.എൽ സ്പീക്കറുകളുമുണ്ട്. സിൽവർ സ്ക്രീൻ, ഇൻവെർട്ടർ ടൈപ്പ് ശീതീകരണ സംവിധാനം, നിരീക്ഷണ കാമറകൾ, അധുനിക ജനറേറ്ററുകൾ, ഫൈറ്റിംഗ് സംവിധാനം, സോഫാ പുഷ് ബാക്ക് ഇരിപ്പിടങ്ങൾ, എൽ.ഇ.ഡി ഡിസ്പ്ലേ, ആധുനിക ടോയ്ലെറ്റ്, ലിഫ്ട്, കാന്റീൻ, പാർക്കിംഗ് തുടങ്ങിയവയെല്ലാമുണ്ട്. 150 സീറ്റുകളാണുള്ളത്. തിയേറ്ററിന്റെ അവസാന വട്ട ഒരുക്കങ്ങളുടെ ഭാഗമായി ഇന്നലെ സ്ക്രീൻ സ്ഥാപിച്ചു. സീറ്റുകളുടെ മിനുക്കു പണിയും നടന്നു.