െഎശ്വര്യ ലക്ഷ്മിയെയും കാളിദാസ് ജയറാമിനെ നായികാ നായകന്മാരാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അർജന്റീന ഫാൻസ് കാട്ടൂർക്കടവിന്റെ റിലീസ് മാറ്റി. മാർച്ച് ഒന്നിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം മാർച്ച് 22 ലേക്കാണ് മാറിയത്. പരീക്ഷാക്കാലമായതിനാലാണ് ചിത്രത്തിന്റെ റിലീസ് നീട്ടിവച്ചതെന്ന് വിതരണക്കാരായ സെൻട്രൽ പിക്ചേഴ്സ് അറിയിച്ചു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് കാളിദാസ് ജയറാം പ്രത്യക്ഷപ്പെടുന്നത്.
സംവിധായകൻ മിഥുൻ മാനുവൽ തോമസും ജോൺ മന്ത്രിക്കലും ചേർന്നാണ് അർജന്റീന ഫാൻസ് കാട്ടൂർക്കടവിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
അർജന്റീന ആരാധകർക്കുമാത്രമല്ല എല്ലാ ഫുട്ബാൾ ആരാധകർക്കും ഇഷ്ടമാകുന്ന നർമ്മം നിറഞ്ഞ ഒരു ചിത്രമായിരിക്കും അർജന്റീന ഫാൻസെന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ് പറയുന്നു.