air-force-attack

ന്യൂഡൽഹി : രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് മറക്കാനാവാത്ത തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം. പുൽവാമ ഭീകരാക്രമണത്തിന് ഭീകരർ ഉപയോഗിച്ച സ്‌ഫോട വസ്തുക്കൾ പാകിസ്ഥാനിൽ നിന്നും കൊണ്ട് വന്നതാണെന്ന് കഴിഞ്ഞ ദിവസം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 25 കിലോ ആർഡിഎക്സ് ആണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നും കണ്ടെത്തി. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) അന്വേഷണം അന്തിമ ഘട്ടത്തിലെത്തി നിൽക്കെയാണ് പാകിസ്ഥാന് അവരുടെ മണ്ണിൽ കയറി ഇന്ത്യൻ സൈന്യം തിരിച്ചടി നൽകിയത്. ഇന്ന് പുലർച്ചെ 3.30ന് ഒരു ഡസൻ മിറാഷ് 2000 വിമാനങ്ങളുപയോഗിച്ച് പാക് പ്രദേശത്ത് ബോംബാക്രമണം നടത്തുകയായിരുന്നു.

ജയിഷെ മുഹമ്മദ് തീവ്രവാദികളുടെ പ്രഭാഷണം നടക്കുന്ന ബലാപൂരിനെയാണ് മിറാഷ് വിമാനങ്ങൾ പ്രധാനമായും ആക്രമിച്ചത്. ലേസർ ടെക്‌നോളജി ഉപയോഗിച്ചുള്ള ബോംബ് വർഷത്തിൽ മുന്നൂറോളം ഭീകരരെ വധിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പുൽവാമ ഭീകരാക്രമണമുണ്ടായപ്പോൾ തന്നെ തിരിച്ചടി നൽകാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയ കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ കേവലം പന്ത്രണ്ട് ദിവസങ്ങൾക്ക് അപ്പുറം ഇന്ത്യൻ സൈന്യം നടപ്പിലാക്കിയിരിക്കുകയാണ്.