india

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടിയിൽ ജെയ്ഷെ ഭീകരരുടെ ക്യാംപുകൾ തകർത്ത് തരിപ്പണമാക്കി ഇന്ത്യൻ സൈന്യം. ആക്രമണത്തിൽ 300ഓളം ഭീകരർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പാക് അധിനിവേശ കശ്മീരിലല്ല പാകിസ്ഥാനിൽ തന്നെയാണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന് വ്യക്തമായി.

പാകിസ്ഥാനിലെ ഖൈബർ പഖ്‍തുൻഖ്വാ പ്രവിശ്യയിലെ ബാലാകോട്ടിലും തൊട്ടടുത്തുള്ള മേഖലകളിലുമാണ് ഇന്ത്യയുടെ ആക്രമണം. കാർഗിൽ യുദ്ധകാലത്ത് പോലും പാകിസ്ഥാന്റെ ഉള്ളിലേക്ക് ആക്രമണം നടത്താൻ ഇന്ത്യൻ സർക്കാർ അനുവാദം നൽകിയിരുന്നില്ല. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായായിരുന്നു വ്യോമസേനയുടെ ആക്രമണം. 21മിനിറ്റ് നീണ്ട ആക്രമണമായിരുന്നു പാക് മണ്ണിൽ ഇന്ത്യ നടത്തിയത്.

ഇന്ത്യൻ വ്യോമസേന അതിർത്തി ലംഘിച്ചതായും ആക്രമണത്തിൽ കെട്ടിടങ്ങൾ തകർത്തതായും,​ വിമാനങ്ങൾ നിയന്ത്രണരേഖ കടന്ന് മുസാഫർബാദ് മേഖലയിൽ എത്തിയതായി പാകിസ്ഥാൻ രംഗത്തെത്തിയിരുന്നു. എന്നാൽ പാകിസ്ഥാന്റെ അവകാശവാദം മറുപടി അർഹിക്കുന്നില്ലെന്നായിരുന്നു സൈനിക വൃത്തങ്ങളുടെ മറുപടി.

സംഭവത്തെ തുടർന്ന് പാകിസ്ഥാനിൽ അടിയന്തര യോഗം വിളിച്ച് കൂട്ടിയതായാണ് റിപ്പോർട്ടുകൾ​. അതേസമയം ബാലകോട്ട് മേഖലയിലെ ജയിഷ് ഇ മുഹമ്മദ് തീവ്രവാദ സംഘടനയുടെ താവളം ലക്ഷ്യമിട്ടാണ് പോർ വിമാനങ്ങൾ പോയതെന്ന് ഉന്നത സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.

മുസഫർബാദ് മേഖലയിൽ ഇന്ന് പുലർച്ചെ 3.30നായിരുന്നു ഇന്ത്യയുടെ തിരിച്ചടി. വ്യോമസേനയുടെ 12 മിറേജ് 2000 എയർ ക്രാഫ്റ്റുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. പാക് മണ്ണിലെ നാല് ഭീകര കേന്ദ്രങ്ങൾക്ക് നേെരയായിരുന്നു വ്യോമസേന 1000കിലോ ബോംബുകൾ വർഷിച്ചത്. ആക്രമണത്തിൽ 300ൽ അധികം ഭീകരരെയാണ് ഇന്ത്യൻ സൈന്യം കൊന്നു തള്ളിയത്. തിരിച്ചടി പൂർണ വിജയമാണെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയുടെ പോർ വിമാനങ്ങൾ സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരിച്ചെത്തി.