ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണം നടന്ന് 12ദിവസങ്ങൾക്ക് ശേഷം പാകിസ്ഥാനെ തിരിച്ചടിച്ച് ഇന്ത്യ. ഇന്ന് പുലർച്ചെ 3.30ഓടെയായിരുന്നു പാകിസ്ഥാനിലെ ഖൈബർ പഖ്‍തുൻഖ്വാ പ്രവിശ്യയിലെ ബാലാകോട്ടിലും തൊട്ടടുത്തുള്ള മേഖലകളിലും ഇന്ത്യ ആക്രമണം നടത്തിയത്.
ജെയ്ഷെ ഭീകരരുടെ മൂന്ന് ക്യാംപുകൾക്ക് നേരെ 1000കിലോ ബോംബുകൾ വർഷിച്ചാണ് വ്യോമസേന ആക്രമണം നടത്തിയത്. പാക് അധിനിവേശ കശ്മീരിലല്ല പാകിസ്ഥാന്റെ മണ്ണിൽ തന്നെയാണ് ഇന്ത്യ തിരിച്ചടി നടത്തിയതെന്ന് വ്യക്തമായി. ആക്രമണം പൂർണ വിജയമാണെന്ന് ഇന്ത്യ വ്യക്തമാക്കി.
ഭീകരരുടെ ക്യാംപുകളെ കുറിച്ചുള്ള വ്യകതമായ വിവരങ്ങൾ ലഭിച്ചതിനെ തുടർന്നായിരുന്നു ഇന്ത്യയുടെ തിരിച്ചടി. മുൻപ് ബിൻ ലാദൻ ഒളിച്ചിരുന്ന പ്രദേശത്തിന് സമീപത്തെ പ്രദേശങ്ങളിലായിരുന്നു ആക്രമണം. ജെയ്ഷെ ക്യാംപുകൾ പൂർണമായും തകർന്നതായാണ് റിപ്പോർട്ട്. 12 മിറാഷ് 2000 വിമാനങ്ങളായിരുന്നു ആക്രമണത്തിനായി ഇന്ത്യ ഉപയോഗിച്ചത്.
സിംല കരാറിന് 47വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യ അതിർത്തി ലംഘിച്ച് പാക് മണ്ണിൽ ആക്രമണം നടത്തിയത്. കാർഗിൽ യുദ്ധകാലത്ത് പോലും പാകിസ്ഥാന്റെ ഉള്ളിലേക്ക് ആക്രമണം നടത്താൻ ഇന്ത്യൻ സർക്കാർ അനുവാദം നൽകിയിരുന്നില്ല. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായായിരുന്നു ഇന്നത്തെ ആക്രമണത്തിൽ ഇന്ത്യ മറുപടി നൽകിയത്. 21മിനിറ്റ് നീണ്ട ആക്രമണമായിരുന്നു പാക് മണ്ണിൽ ഇന്ത്യൻ സൈന്യം നടത്തിയത്.
ഇന്ത്യൻ വ്യോമസേന അതിർത്തി ലംഘിച്ചതായും ആക്രമണത്തിൽ കെട്ടിടങ്ങൾ തകർത്തതായും, വിമാനങ്ങൾ നിയന്ത്രണരേഖ കടന്ന് മുസാഫർബാദ് മേഖലയിൽ എത്തിയതായി ആരോപിച്ച് പാകിസ്ഥാൻ രംഗത്തെത്തിയിരുന്നു. എന്നാൽ പാകിസ്ഥാന്റെ അവകാശവാദം മറുപടി അർഹിക്കുന്നില്ല എന്നായിരുന്നു സൈനിക വൃത്തങ്ങളുടെ മറുപടി. ആക്രമണത്തെ തുടർന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടിയന്തര യോഗം വിളിച്ചു.