ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് പാകിസ്ഥാൻ മണ്ണിൽ ഇന്ത്യൻ പുലിക്കുട്ടികൾ മറുപടി നൽകിയത് മിറാഷ് എന്ന് ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനത്തിലേറി. ആയിരം കിലോ ബോംബാണ് 12 വിമാനങ്ങളിലായി പാകിസ്ഥാനിലെ ബാലക്കോട്ടിലുള്ള ജെയ്ഷെ മുഹമ്മദ് ഭീകരവാദ താവളത്തിൽ ഇന്ത്യൻ വ്യോമസേന വർഷിച്ചത്. ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് 300ൽ അധികം ഭീകരന്മാരാണ് രണ്ടാം സർജിക്കൽ സ്ട്രൈക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്.
മിറാഷ് 2000
ഫ്രഞ്ച് കമ്പനിയായ ഡസാൾട്ട് ഏവിയേഷനാണ് 'മിറാഷ് 2000' യുദ്ധവിമാനങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച യുദ്ധവിമാനമെന്നാണ് മിറാഷ് 2000' അറിയപ്പെടുന്നത്. വൻ ആയുധശേഖരങ്ങൾ വഹിക്കാൻ തക്കവണ്ണമാണ് മിറാഷിന്റെ ഓരോ ജെറ്റ് വിമാനത്തിന്റെയും നിർമ്മാണം. മണിക്കൂറിൽ 2000 കി.മീ വേഗത്തിൽ പറക്കാൻ ഈ ഫ്രഞ്ച് നിർമ്മിതിക്ക് സാധിക്കും.
പ്രത്യേകതകൾ
നീളം- 47 അടി
വീതി- 29.9 അടി
വഹിക്കാൻ കഴിയുന്ന ഭാരം- 38,5000 എൽ.ബി.എസ്
വഹിക്കാൻ കഴിയുന്ന ആയുധ ശേഖരം- 21,000 എൽ.ബി.എസ്
കാർഗിൽ യുദ്ധസമയത്തും മിറാഷ് യുദ്ധവിമാനങ്ങളുടെ സേവനം ഇന്ത്യ വിനിയോഗിച്ചിരുന്നു. 1985ലാണ് ഇത് ആദ്യമായി കമ്മിഷൻ ചെയ്യുന്നത്. തുടർന്ന് സേനയുടെ ഭാഗമായപ്പോൾ നാവിക സേന മിറാഷ് വിമാനങ്ങൾക്ക് വജ്ര എന്ന് പേരു നൽകുകയായിരുന്നു. ഇന്ത്യയ്‌ക്ക് പുറമെ ഫ്രാൻസ്, ഈജിപ്ത്, യു.എ.ഇ, തായ്‌വാൻ, പെറു, ഗ്രീസ് എന്നീ രാജ്യങ്ങളാണ് നിലവിൽ മിറാഷ് 2000 യുദ്ധവിമാനങ്ങൾ ഉപയോഗിക്കുന്നത്.