attack-

ന്യൂഡൽഹി: ജെയ്ഷെ ഭീകരരുടെ ഏറ്റവും വലിയ താവളം തകർത്ത് തരിപ്പണമാക്കി ഇന്ത്യൻ സേന. തിരിച്ചടിക്കാൻ ഇന്ത്യൻ സേന ബാലക്കോട്ടും സമീപ പ്രദേശങ്ങളും തിരഞ്ഞെടുക്കാൻ ചിലകാരണങ്ങളുണ്ട്. വനപ്രദേശമായ ബാലക്കോട്ടും സമീപ പ്രദേശങ്ങളിലുമാണ് പാക് ഭരണകൂടത്തിന്റെ അറിവോടെ ഭീകരർക്കായി പരിശീലന ക്യാംപുകൾ നടത്തുന്നത്. പാകിസ്ഥാനിലെ എല്ലാ തീവ്രവാദ ഗ്രൂപ്പുകളുടെയും പ്രവർത്തനങ്ങൾ നടക്കുന്നത് ഇതേ പ്രദേശങ്ങളിലാണ്.

വ്യക്തമായ വിവരങ്ങൾ ലഭിച്ച ശേഷമാണ് വനമേഖലാ പ്രദേശത്തുണ്ടായിരുന്ന ജെയ്ഷെ ഭീകരരുടെ ഏറ്റവും വലിയ ക്യാംപിൽ ഇന്ത്യ ആക്രമണം നടത്തിയത്. തീവ്രവാദി തലവൻ മൗലാനാ മസൂദ് അസറിന്റെ ഭാര്യ സഹോദരനായ യൂസഫ് അസറിന്റെ നേതൃത്വത്തിലുള്ള പരിശീലന ക്യാംപുകളാണ് പൂർണമായി തകർത്തത്. ജെയ്ഷെ ഭീകരരുടെ കൺട്രോൾ റൂമുകളായാണ് പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

ജനവാസ കേന്ദ്രത്തിന് പുറത്ത് പ്രവർത്തിച്ച് വന്ന ഭീകരരുടെ താവളമാണ് ഇന്ത്യ പൂണർമായും ചുട്ടെരിച്ചത്. ആക്രമണത്തിൽ ജെയ്ഷെ കമാൻഡർ ഉൾപ്പെടെ പരിശീലനം നേടിയ നിരവധി ഭീകരരെ വധിച്ചെന്ന് ഇന്ത്യ വ്യക്തമാക്കി. ഭീകര കേന്ദ്രങ്ങൾ പാക് സർക്കാരിന്റെ പിന്തുണയോടെയാണ് പ്രവർത്തിച്ചിരുന്നത്. ക്യാംപുകളെ കുറിച്ച് ഇന്ത്യ വ്യക്തമായ വിവരങ്ങൾ കൈമാറിയിരുന്നിട്ടും പാകിസ്ഥാൻ നടപടി സ്വീകരിച്ചിരുന്നില്ലെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.

പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് തിരിച്ചടി ഉണ്ടാകുമെന്ന് ഇന്ത്യ പാകിസ്ഥാന് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സമാധാനപരമായി പോകാമെന്ന നിലയിൽ അഭ്യർത്ഥന നടത്തിയിരുന്നു. ഇന്ന് പുലർച്ചെ 3.30നായിരുന്നു വ്യോമസേന ജെയ്ഷെ ഭീകരരുടെ ക്യാംപുകൾക്ക് നേരെ ആക്രമണം നടത്തിയത്. 12, മിറാഷ് 2000 വിമാനങ്ങളായിരുന്നു ആക്രമണത്തിനായി ഇന്ത്യ ഉപയോഗിച്ചത്. 1000കിലോ ബോംബായിരുന്നു പാകിസ്ഥാന്റെ മണ്ണിൽ വർഷിച്ചത്.

മുൻപ് ഭീകരൻ ഒസാമ ബിൻ ലാദന്റെ ഒളിക്കേന്ദ്രമായ പ്രദേശത്തിന് സമീപത്തായിരുന്നു ആക്രമണം നടത്തിയത്. 21 മിനിറ്റ് നീണ്ട ആക്രമണമായിരുന്നു പ്രദേശത്ത് നടത്തിയത്. സിംല കരാർ ഒപ്പിട്ടതിന് ശേഷം 47വർഷങ്ങൾക്കിപ്പുറമാണ് ഇന്ത്യ ആദ്യമായി പാക് മണ്ണിലേക്ക് കടന്ന് ആക്രമണം നടത്തിയത്. കാർഗിൽ യുദ്ധകാലത്ത് പോലും പാകിസ്ഥാന്റെ ഉൾപ്രദേശത്തേക്ക് കയറാൻ ഇന്ത്യ സൈന്യത്തിന് അനുവാദം നൽകിയിരുന്നില്ല. എന്നാൽ ശക്തമായ തിരിച്ചടിയുടെ ഭാഗമായാണ് പാക് മണ്ണിലേക്ക് കടന്ന് ഇന്ത്യ തിരിച്ചടിച്ചത്.