പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ആക്രമണത്തിൽ പ്രധാനമായി ഉപയോഗിച്ചത് ലേസർ ബോംബുകളായിരുന്നു. ജി.പി.എസിന്റ സഹായത്തോടെ ലേസർ വഴി നിയന്ത്രിക്കാൻ ശേഷിയുള്ള സുദർശൻ ബോംബുകളായിരുന്നു പാകിസ്ഥാന്റെ മണ്ണ് ചുട്ടെരിച്ചത്.
മിറാഷ് 2000, ലേസർ ഗൈഡഡ് ബോംബുകൾ എന്നിവയാണ് ആക്രമണത്തിനായി ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ. മിറാഷ് 2000 പോർവിമാനത്തിൽ ലേസർ നിയന്ത്രിത ബോംബുകൾ വർഷിക്കാനുള്ള ശേഷിയുണ്ട്. മുൻപ് കാർഗിലിൽ ഇന്ത്യ വിജയകൊടി നാട്ടിയപ്പോൾ സേനയെ ഏറെ സഹായിച്ചതും ലേസർ നിയന്ത്രിത ബോംബുകളായിരുന്നു.ഇസ്രായേലിൽ നിന്നു ഇറക്കുമതി ചെയ്ത ലേസർ നിയന്ത്രിത ബോംബുകളാണ് അന്നും ഇന്ത്യയുടെ രക്ഷയ്ക്കെത്തിയത്.
2006 ലാണ് ലേസർ നിയന്ത്രിത ബോംബുകളുടെ ഡിസൈൻ ഇന്ത്യ തയാറാകുന്നത്. പിന്നീട് ഏഴു വർഷങ്ങൾക്ക് ശേഷം പരീക്ഷണം പൂർത്തിയാക്കിയ ശേഷമാണ് വ്യോമസേനയ്ക്ക് ബോംബുകൾ കൈമാറിയത്.2010 ൽ രണ്ടു തവണ പരീക്ഷണം നടത്തി വിജയിച്ച ബോംബാണ് സുദർശൻ. 2013ലാണ് ഇന്ത്യ സ്വന്തമായി ലേസർ ബോംബുകൾ നിർമിക്കാൻ തുടങ്ങിയത്. ഇന്ത്യയുടെ ലേസർ ബോംബുകൾ സുദർശൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.
മിഗ്–27, ജാഗ്വർ, സുഖോയ്–30, മിറാഷ്, മിഗ് എന്നീ പോർവിമാനങ്ങളിൽ നിന്ന് പ്രയോഗിക്കാൻ സാധിക്കുന്നതാണ് സുദർശൻ.
ആധുനിക പോർവിമാനങ്ങളും ശക്തിയേറിയ ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ ആക്രമണം. ഭാരത് ഇലക്ട്രോണിക്സ് ആണ് സുദർശൻ നിർമിക്കുന്നത്. ഏകദേശം ഒൻപത് കിലോമീറ്റർ ദൂരപരിധിയിൽ വരെ പ്രയോഗിക്കാൻ സാധിക്കുന്ന ലേസർ ബോംബാണ് സുദർശൻ.
ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളുടെ കൈവശവും ലേസർ നിയന്ത്രിത ബോംബുകളുണ്ട്. യുദ്ധഭൂമിയിൽ വൻ നാശം സൃഷ്ടിക്കാൻ ശേഷിയുള്ളവയാണ് ലേസർ ബോംബുകൾ. 1960ൽ അമേരിക്കയാണ് ആദ്യമായി ലേസർ ബോംബുകൾ വികസിപ്പിച്ചെടുത്തത്. പിന്നീട് റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളും ലേസർ ബോംബുകൾ സ്വയം നിർമ്മിക്കുകയും ചെയ്തു.