mirage2000

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ 40 വീരസൈനികരെ നഷ്‌ടപ്പെട്ട അന്നുമുതൽ രാജ്യം ഒരൊറ്റ മനസോടെ കാത്തിരുന്നത് ഒരു വാർത്തയ്‌ക്കു വേണ്ടിയായിരുന്നു. പാക് ഭീകരരെ അവരുടെ മണ്ണിൽ കടന്നുകയറി ഇന്ത്യൻ സൈന്യം വകവരുത്തി എന്ന വാർത്തയ്‌ക്കായി. ഇന്ന് പുലർച്ചെ 3.30ന് ഇന്ത്യാ മഹാരാജ്യത്തിന്റെ അഭിമാനമായ വ്യോമസേന വിജയകരമായി അത് നടപ്പാക്കി തിരിച്ചു പോന്നു. പുൽവാമയ്‌ക്ക് പിന്നിൽ പ്രവർത്തിച്ച ജെയ്‌ഷെ മുഹമ്മദിന്റെ മൂന്നൂറിലധികം ഭീകരരെയും,​ അവരുടെ നാല് ശക്തി കേന്ദ്രങ്ങളുമാണ് മിറാഷ് 2000 യുദ്ധവിമാനങ്ങളുടെ ചിറകിലേറി ഇന്ത്യൻ പുലിക്കുട്ടികൾ തകർത്തുതരിപ്പണമാക്കിയത്.

രാജ്യത്തെ നടുക്കിയ പത്താൻകോട്ട് സൈനിക കേന്ദ്രത്തിലെ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ കരസേന പാക്മണ്ണിൽ നടത്തിയ ഉറി മിന്നലാക്രമണത്തെ ഏറെ ആവേശത്തോടെയാണ് ഇന്ത്യൻ ജനത സ്വീകരിച്ചത്. എന്നാൽ അതിന്റെ എത്രയോ മടങ്ങും ശക്തവുമാണ് ഇന്നു നടന്ന വ്യോമാക്രമണം. അങ്ങനെ പറയാൻ മൂന്ന് പ്രധാനപ്പെട്ട കാരണങ്ങളാണുള്ളത്.

1. 1971ന് ശേഷം ആദ്യമായാണ് ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ അതിർത്തി ഭേദിച്ച് പാക് മണ്ണിൽ ആക്രമണം നടത്തുന്നത്. കാർഗിൽ യുദ്ധസമയത്തു പോലും ഇന്ത്യ ഇത്തരത്തിലൊരു നീക്കം നടത്തിയിട്ടില്ല. കാരണം യുദ്ധവിമാനങ്ങൾ അതിർത്തി കടന്നുചെല്ലുന്നതിനെ ലോകരാജ്യങ്ങൾ യുദ്ധസമാനമായാണ് കാണുന്നത്.

2. ഉറി മിന്നലാക്രമണത്തിന് ഉപയോഗിച്ചതിന്റെ പതിന്മടങ്ങ് ആയുധങ്ങളാണ് ( സ്വഭാവവും,​ സ്ഫോടന ശേഷിയും)​ ഇപ്പോഴത്തെ ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 12 ഓളം വരുന്ന മിറാഷ് 2000 ജെറ്റ് വിമാനങ്ങളിലായി 1000 കിലോ ലേസർ ബോംബുകളാണ് ജെയ്ഷേ മുഹമ്മദിന്റെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ വ്യോമസേന വർഷിച്ചത്. മുന്നൂറിലധികം ഭീകരർ കൊല്ലപ്പെട്ടതായാണ് വിവരം.

3. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഭാഗത്തു നിന്നും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് പാകിസ്ഥാൻ ഉറപ്പിച്ചിരുന്നു. എല്ലാ മുൻകരുതലുകളുമായി അവർ സജ്ജരായിരുന്നെങ്കിലും ( ആശുപത്രികളടക്കം)​ അതൊന്നും തന്നെ തങ്ങളെ പ്രതിരോധിക്കാനുള്ള ഘടകമല്ലെന്ന് പാക് സൈന്യത്തിനും ഭീകരർക്കും കാണിച്ചു കൊടുക്കുകയായിരുന്നു ഇന്ത്യ.