തിരുവനന്തപുരം: അട്ടക്കുളങ്ങര എരുമക്കുഴിയിൽ അപകടകരമായ സാഹചര്യം കണക്കിലെടുത്ത് മാലിന്യ നിക്ഷേപത്തിന്റെ തോത് കുറയ്ക്കാനും കമ്പോസ്റ്റ് ആവശ്യക്കാ‌ർക്ക് സൗജന്യമായി നൽകാനും നടപടിയെടുക്കുമെന്ന് മേയർ വി.കെ പ്രശാന്ത് 'ഫ്ളാഷി'നോട് പറഞ്ഞു. ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ എരുമക്കുഴിയിലെ അപകടകരമായ സാഹചര്യത്തെപ്പറ്റി 'നഗരത്തിൽ മാലിന്യ ബോംബ്' എന്ന തലക്കെട്ടിൽ ഇന്നലെ 'ഫ്ളാഷ്' പ്രസിദ്ധീകരിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു മേയർ.

വേനൽ കടുത്തതും വൻതോതിലുള്ള മാലിന്യ നിക്ഷേപവും എരുമക്കുഴിയിലും അപകടകരമായ സ്ഥിതി വിശേഷമുണ്ടാക്കുന്നുണ്ടെന്ന് മേയർ പറഞ്ഞു.

മാലിന്യ നിക്ഷേപത്തിന്റെ തോത് കുറയ്ക്കാൻ ജീവനക്കാരോട് നിർദേശിച്ചിട്ടുണ്ട്. ചാലക്കമ്പോളത്തിൽ നിന്ന് പുറന്തള്ളുന്ന ടൺകണക്കിന് മാലിന്യം നിക്ഷേപിക്കാൻ നഗരസഭയ്ക്ക് ബദൽ സംവിധാനമില്ലാത്തതാണ് പ്രശ്നം. വർഷങ്ങളായി കുന്നുകൂടിക്കിടന്ന കമ്പോസ്റ്ര് 35 ലോഡോളം ഏതാനും ആഴ്ചമുമ്പ് കൃഷി ആവശ്യത്തിനായി സമീപിച്ചവർക്ക് കൈമാറിയിരുന്നു. ഇനിയും ആവശ്യക്കാരെത്തിയാൽ കമ്പോസ്റ്റ് സൗജന്യമായി നൽകാൻ നഗരസഭ തയാറാണ്. ഉണങ്ങുന്നതനുസരിച്ച് കുറേശെ കത്തിച്ച് കളയാത്ത പക്ഷം മാലിന്യങ്ങൾ നഗരത്തിലെ റോഡുകളിലും പൊതുസ്ഥലങ്ങളിലും കുന്നുകൂടും. ഇത് പരിസ്ഥിതിക്കും ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് എരുമക്കുഴിയിലെ ഡമ്പിംഗ് യാർഡിനെ പ്രയോജനപ്പെടുത്തുന്നത്.

പ്ലാസ്റ്റിക്ക് തരംതിരിച്ചശേഷമാണ് മാലിന്യങ്ങൾ സംസ്കരിക്കുന്നത്. പൊതുജനങ്ങൾക്കും പരിസരവാസികൾക്കും ഹാനികരമല്ലാത്ത വിധത്തിൽ എരുമക്കുഴിയിലെ മാലിന്യം കൈകാര്യം ചെയ്യാനും ബ്രഹ്മപുരം സംഭവത്തിന്റെ പശ്ചാത്തലത്തിൽ തികഞ്ഞ ജാഗ്രത പുലർത്താനും ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മേയർ പറഞ്ഞു.