മരണം എങ്ങനെയാണെന്ന് അനുഭവിക്കണോ? ചൈനയിലേയ്ക്ക് പോയാൽമതി. കേട്ടിട്ട് വിശ്വാസം വരുന്നില്ല അല്ലേ? സംഗതി സത്യമാണ്. ചൈനയിലെ വിൻഡോ ഒഫ് വേൾഡ് എന്ന അമ്യൂസ്മെന്റ് പാർക്കിലെ റൈഡ് ആണ് സംഗതി. പേര് ‘സമാധി:4ഡി എക്സ്പീരിയൻസ് ഒഫ് ഡെത്ത്’.
ആളുകൾക്ക് മരണം, ശരീരം ദഹിപ്പിക്കൽ,പുനരുജ്ജീവനം എന്നിവയുടെ ഒരു റിയൽലൈഫ് അനുഭവം നൽകുകയാണ് ഈ റൈഡ് കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ഉള്ളിൽ പ്രവേശിക്കുന്നവരെ ഒരു മൃതദേഹം കൊണ്ടുപോകുന്നത്പോലെ ആദ്യം ഒരു മോർച്ചറിയിലൂടെ കൊണ്ടുപോകും. പിന്നീട് ദഹിപ്പിക്കുന്നതിനായി ഒരു കൺവയെർ ബെൽറ്റിൽ കിടത്തും.
ദഹിപ്പിക്കുന്ന അനുഭവം കിട്ടാൻ ചൂട് വായു 105 ഫാരൻഹീറ്റ് താപനിലയിൽ കടത്തിവിടും. തീയുടെ പ്രതീതി ജനിപ്പിക്കാൻ പ്രത്യേക ലൈറ്റ് സംവിധാനങ്ങളും ഉണ്ട്. ഈ ഘട്ടം കഴിഞ്ഞു ആളുകൾ ഇഴഞ്ഞു ഒരു ചെറിയ വാതിലിനു അടുത്തേയ്ക്ക് നീങ്ങണം. അതിലൂടെ പുറത്ത് കടക്കുന്നതോടെ സംഗതി തീർന്നു.
ഏറെ ജനപ്രീതി നേടിക്കഴിഞ്ഞ ഈ റൈഡ് ഒന്ന് പരീക്ഷിക്കാൻ ആളുകളുടെ വൻ തിരക്കാണ്. ഒരുപാട് ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്തിയാണ് ഈ റൈഡ് ഉണ്ടാക്കിയിരിക്കുന്നത്. ഏറ്റവും സ്വാഭാവികം ആക്കാൻ വേണ്ടി ശരിക്കും ഒരു ഇലക്ട്രിക് ശ്മശാനത്തിനുള്ളിലൂടെ കടന്നു നോക്കുകയും ചെയ്തു ഇതിന്റെ നിർമാതാക്കൾ.