ഇംഗ്ലണ്ടിലെ യോർക്ക്ഷെയറിനടുത്ത് വാറം പാഴ്സി എന്ന ഗ്രാമത്തിൽ വർഷങ്ങളായി ആരും താമസമില്ല. ഇതിനാൽ തന്നെ നിരവധി ഗവേഷകർ ഇവിടെ പര്യവേക്ഷണം നടത്തുന്നുണ്ട്. അങ്ങനെയിരിക്കെ ഒരു നാൾ പ്രദേശത്തെ ഒരു കുഴിമാടം പരിശോധിച്ച അവർ ഞെട്ടിപ്പോയി. അവിടെ നിന്നു ലഭിച്ച 137 എല്ലിൻകഷണങ്ങളിലും മാരകമായ മുറിവുകൾ! അതും ആയുധങ്ങൾ കൊണ്ടുള്ളത്.
11-14 നൂറ്റാണ്ടിനിടയിൽ ജീവിച്ചിരുന്ന ഏകദേശം 10ഓളം പേരുടെ മൃതദേഹങ്ങളായിരുന്നു അവ. ശരീരം കത്തിയും കോടാലിയുമെല്ലാം കൊണ്ട് കീറിമുറിച്ച് പല കഷ്ണങ്ങളാക്കിയതാണെന്ന നിഗമനത്തിലായിരുന്നു ഗവേഷകർ. പിന്നീട് കാരണമന്വേഷിക്കലായിരുന്നു. നരഭോജികളായ ജനങ്ങളായിരുന്നു അവിടെ താമസിച്ചിരുന്നതെന്നായിരുന്നു ആദ്യനിഗമനം.
എന്നാൽ, പിന്നീട് നടത്തിയ പരിശോധനകളിലാണ് നരഭോജികളെയല്ല, അവിടത്തെ ജനങ്ങൾ പേടിച്ചിരുന്നത് ദുരാത്മാക്കളെയായിരുന്നു എന്ന് വ്യക്തമായത്. അതും മരിച്ച് ഉയിർത്തെഴുന്നേറ്റു വരുന്ന തരം പ്രേതങ്ങളെ. പ്രേതങ്ങളോടുള്ള ആ ജനതയുടെ വിശ്വാസമായിരുന്നുവത്രെ ഇത്തരം ക്രൂരതയ്ക്ക് പിന്നിൽ.
മൃതശരീരം വെട്ടി തുണ്ടംതുണ്ടമാക്കി കത്തിച്ചാൽ ആ ആത്മാവ് ഒരിക്കലും പുറത്തുവരില്ലെന്നാണ് പണ്ടുമുതലേയുള്ള വിശ്വാസം. ജേണൽ ഒഫ് ആർക്കിയോളജിക്കൽ സയൻസിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.