വേനൽ കടുക്കുമ്പോൾ ശരീരത്തിനും ചർമ്മത്തിനും എന്നതു പോലെ കണ്ണിന്റെ കാര്യത്തിലും അതീവശ്രദ്ധ വേണം. വെയിലത്ത് ജോലിചെയ്യുന്നവരും വെയിലത്ത് നിൽക്കേണ്ടി വരുന്ന കച്ചവടക്കാരും കണ്ണിന് സംരക്ഷണം നൽകാൻ തൊപ്പി ധരിക്കണം.
വെയിലത്ത് പുറത്തിറങ്ങുമ്പോൾ നിർബന്‌ധമായും കുടചൂടുക. സൺഗ്ലാസ് ഉപയോഗിച്ചും കണ്ണിനെ സംരക്ഷിക്കാം. ഇടയ്‌ക്കിടെ ശുദ്ധമായ തണുത്ത ജലം ഉപയോഗിച്ച് കണ്ണുകൾ കഴുകുക.
വേനൽകാലത്ത് ചെങ്കണ്ണാണ് പ്രധാന ഭീഷണി. വൈറസ്, ബാക്ടീരിയ എന്നിവയാണ് കാരണം. ചെങ്കണ്ണിന് സ്വയംചികിത്സ അരുത്.
കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ കാഴ്ചയെ ബാധിക്കാൻ സാധ്യതയുണ്ട്. ഡോക്‌ടറുടെ നിർദേശപ്രകാരം മാത്രം തുള്ളിമരുന്ന് ഉപയോഗിക്കുക. കണ്ണിന് ചൊറിച്ചിൽ ഉണ്ടെങ്കിൽ ശുദ്ധമായ തണുത്തജലം ഉപയോഗിച്ച് കഴുകുക. രോഗിയുടെ ടവൽ, സോപ്പ് എന്നിവ മറ്റുള്ളവർ ഉപയോഗിക്കരുത്. വേനൽക്കാലത്ത് വെയിലിൽ മാത്രമല്ല, കുളിക്കാനായി പൊതുകുളങ്ങളിലും സ്വിമ്മിങ് പൂളുകളിലും ഇറങ്ങുന്നവരും കണ്ണട ഉപയോഗിക്കണം. ജലത്തിലെ മാലിന്യം കണ്ണുകൾക്ക് ദോഷം ചെയ്യും.