താര സിറ്റൗട്ടിലേക്ക് ഇറങ്ങി, പിന്നെ മെല്ലെ മുറ്റത്തേക്കും...
റോഡിലേക്കു നോക്കി പുറം തിരിഞ്ഞു നിൽക്കുകയായിരുന്നു സി.ഐ ധനപാലൻ. റോഡിൽ തെല്ല് അപ്പുറത്തു മാറി ഒരു ഇന്നോവ കാർ കിടക്കുന്നത് അവ്യക്തമായി താരയ്ക്കു കാണാം.
അവൾ ധനപാലന്റെ തൊട്ടു പിന്നിലെത്തി.
''ധനപാലൻ സാറേ..."
അവളുടെ ഒച്ച പതറിയിരുന്നു.
''അവൻ വിളിച്ചാലേ നീ ഇറങ്ങി വരത്തുള്ളൂ. അല്ലേടീ..."
പിന്നെ കേട്ടത് അമർത്തിയ പച്ചത്തെറി.
താര കിടുങ്ങിത്തിരിഞ്ഞു.
സിറ്റൗട്ടിന്റെ മറവിൽ നിന്ന് ഒരാൾ മിന്നൽ വേഗത്തിൽ അവളുടെ പിറകിൽ വന്നു. ഒപ്പം ഒരു കത്തിയെടുത്ത് അവളുടെ താടിക്കു കീഴെ കഴുത്തിൽ കുറുകെ അമർത്തി.
അതിന്റെ മൂർച്ചയുടെ നേർത്ത നീറ്റൽ അവൾക്ക് അനുഭവപ്പെട്ടു. അതിനാൽ നിലവിളിക്കാനായി തുറന്ന വാ അതുപോലെ തന്നെയിരുന്നു.
ആ ക്ഷണം മുന്നിൽ പുറം തിരിഞ്ഞു നിന്നിരുന്ന മനുഷ്യൻ മെല്ലെ അവൾക്ക് അഭിമുഖമായി...
മങ്ങിയ ഇരുട്ടിലും ആ മുഖം അവൾ തിരിച്ചറിഞ്ഞു.
രാഹുൽ!
അവൻ ക്രൂരമായി ചിരിച്ചു:
''എന്റെ അച്ഛനെ കൊന്നിട്ട് കിട്ടിയ നിധിയുമായി സസുഖം വാഴാമെന്ന് നീ കരുതി. അല്ലേടീ?"
താരയ്ക്ക് ഉമിനീർ വിഴുങ്ങുവാൻ പോലും കഴിഞ്ഞില്ല.
''നടക്കെടീ..."
താരയുടെ തോളിൽ ഒരു കൈ കുത്തി പിന്നിൽ നിന്ന് വിക്രമൻ മുന്നോട്ടു തള്ളി. കത്തി ഒട്ടും അനക്കാതെ....
അനുസരിക്കുകയല്ലാതെ വേറെ മാർഗ്ഗമില്ലായിരുന്നു താരയ്ക്ക്. അതിനിടെ രാഹുൽ മുരണ്ടു:
''നിന്റെ നാവിൽ നിന്ന് ഒരു ശബ്ദത്തിന്റെ അംശമെങ്കിലും പുറത്തുവന്നാൽ അതോടെ തീർന്നു. നിന്റെ കുരവള്ളി കണ്ടിച്ച് ഞങ്ങളീ തോട്ടിൽ തള്ളും."
താരയുമായി അവർ ഇന്നോവയ്ക്ക് അടുത്തെത്തി.
രാഹുൽ പിന്നിലെ ഡോർ തുറന്നു കൊടുത്തു.
''കേറെടീ..."
ഒന്നു മടിച്ചിട്ടെങ്കിലും അവൾ കയറി. ആ കണ്ണുകൾ നിറഞ്ഞ് തൂവുന്നുണ്ടായിരുന്നു.
താരയ്ക്കു വലതുഭാഗത്തായി വിക്രമനും കയറി.
ഡോർ അടച്ചിട്ട് ഡിക്കിയെ വലം വച്ച് രാഹുലും മറുഭാഗത്തെത്തി. താരയുടെ ഇടതുവശത്ത് അവനും കയറി.
''വിട്ടോ സാദിഖേ..."
രാഹുലിന്റെ നിർദ്ദേശം കിട്ടിയ ഉടനെ സാദിഖ് ഇന്നോവ പായിച്ചു. ശ്രീകാര്യം ഭാഗത്തേക്ക്..
വിക്രമൻ അപ്പോഴും താരയുടെ കഴുത്തിൽ നിന്ന് കത്തി മാറ്റിയില്ല...
ആ നേരത്ത് മുഖ്യമന്ത്രി വേലായുധൻ മാസ്റ്റർക്ക് അരികിൽ ഉണ്ടായിരുന്നു സി.ഐ ധനപാലൻ.
സന്തുഷ്ടനായിരുന്നു മാസ്റ്റർ.
''എനിക്ക് നിന്നോട് എന്നും കടപ്പാടുണ്ടായിരിക്കും ധനപാലാ. നടക്കില്ലെന്നു ഞാൻ കരുതിയ കർമ്മം എത്ര വേഗത്തിലാണ് നീ തീർത്തു തന്നത്?"
മാസ്റ്റർ ഒരു ഗ്ളാസിൽ വിസ്കി പകർന്ന് സോഡ കലർത്തി അയാൾക്കു നീട്ടി.
''താങ്ക്സ്."
ചെറുചിരിയോടെ ധനപാലൻ ഗ്ളാസ് വാങ്ങി. ഒറ്റവലിക്ക് അകത്താക്കി. പിന്നെ കർച്ചീഫ് കൊണ്ടു ചുണ്ടു തുടച്ചിട്ട് മൊബൈലിൽ സമയം നോക്കി.
''ഒത്തിരി നേരമായി. ഇനി ഞാൻ പോകട്ടെ സാർ."
''ശരി. പക്ഷേ ആ രാഹുൽ എന്തൊക്കെയാണ് പദ്ധതി ഒരുക്കുന്നതെന്ന് ശ്രദ്ധ വേണം."
മാസ്റ്റർ ഓർമ്മപ്പെടുത്തി.
''തീർച്ചയായും."
വണ്ടിയുടെ കീ ചെയിൻ കയ്യിലിട്ടു കറക്കിക്കൊണ്ട് ധനപാലൻ ഇറങ്ങി.
മുറ്റത്ത് ബൊലേറോ ഉണ്ടായിരുന്നു.
തനിച്ചാണ് ധനപാലൻ ഇവിടേക്കു വന്നത്.
നിയോൺ വിളക്കുകളുടെ വെളിച്ചത്തിനു മുകളിൽ ഇരുളിന്റെ കുട പോലെ പ്രകൃതി...
അയാൾ ബൊലേറോയുടെ ഡ്രൈവിങ് സീറ്റിലെത്തി.
സ്വിച്ച് കീ തിരിഞ്ഞു.
മിന്നൽ വേഗത്തിൽ ബൊലേറോ പുറത്തേക്ക്...
റോഡിലെത്തി അത് ഇടത്തേക്കു തിരിഞ്ഞു. റോഡ് വിജനമായിത്തുടങ്ങിയിരുന്നു.
ടാർ വലിച്ചു കീറുന്ന ഒച്ചയിൽ ഇടയ്ക്കിടെ പോകുന്ന ചരക്കു ലോറികൾ....
അടുത്ത നിമിഷം ധനപാലന്റെ സെൽഫോൺ ശബ്ദിച്ചു.
വണ്ടിയുടെ വേഗത ഒട്ടും കുറയ്ക്കാതെ അയാൾ റിസീവിംഗ് ബട്ടൻ പ്രസ് ചെയ്ത് ഫോൺ തോളിനും കാതിനും ഇടയിൽ അമർത്തി:
''ഹലോ..."
''സാറേ..." അപ്പുറത്തുനിന്ന് കേട്ടത് ഒരു നിലവിളി. ആ ശബ്ദം ധനപാലൻ തിരിച്ചറിഞ്ഞു.
താര!
(തുടരും)