ന്യൂഡൽഹി: ജയ്‌ഷെ മുഹമ്മദ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഭീകര ക്യാമ്പാണ് ഇന്നലെ ഇന്ത്യൻ വ്യോമസേന തകർത്ത പാകിസ്ഥാനിലെ ബലാകോട്ട് ക്യാമ്പ്. അധിനിവേശ കാശ്‌മീരിനപ്പുറം പാകിസ്ഥാൻ മണ്ണിൽ സ്ഥിതി ചെയ്യുന്ന ക്യാമ്പാണിത്. ഒരു കുന്നിൻ മുകളിൽ വനപ്രദേശത്തുള്ള ക്യാമ്പിൽ സ്വിമ്മിംഗ് പൂൾ ഉൾപ്പെടെയുള്ള പഞ്ചനക്ഷത്ര സൗകര്യങ്ങളുണ്ടായിരുന്നു.
ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന ജയ്‌ഷെ ഭീകരരെ ഇന്ത്യൻ വ്യോമസേന വധിച്ചത് ഉറങ്ങിക്കിടക്കുമ്പോഴാണ്. പുലർച്ചെ ഇന്ത്യൻ പോർവിമാനങ്ങൾ ആക്രമിക്കുമ്പോൾ ഭീകരർ ഉൾപ്പെടെ 350ലേറെ പേർ ബലാകോട്ട് ക്യാമ്പിൽ നല്ല ഉറക്കത്തിലായിരുന്നു. സൈനിക ഭാഷയിൽ, ഉറങ്ങുന്ന ഭീകരർ ഇരിക്കുന്ന താറാവുകളെ പോലെ വ്യോമസേനയ്‌ക്ക് അനായാസം പ്രഹരിക്കാവുന്ന ലക്ഷ്യമായിരുന്നു.
പാക് മണ്ണിൽ ഇത്രയും ഉള്ളിലേക്ക് കടന്നു ചെന്ന് ഇന്ത്യ ആക്രമിക്കുമെന്ന് പാക് പ്രതിരോധ വകുപ്പ് പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യൻ പോർവിമാനങ്ങൾ പറന്നെത്തി ബോംബ് വർഷിച്ചപ്പോൾ പാകിസ്ഥാൻ ഞെട്ടിപ്പോയി.
അധിനിവേശ കാശ്‌മീരിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള ക്യാമ്പുകളിലേ ഇന്ത്യ സർജിക്കൽ സട്രൈക്ക് നടത്തൂ എന്നായിരുന്നു അവരുടെ ധാരണ. ആ ചിന്തയിലാണ് പാക് ചാരസംഘടനകൾ ഭീകരരെ അവിടെ നിന്ന് ബലാകോട്ടിലേക്ക് മാറ്റിയത്. ഇന്ത്യയിൽ നുഴഞ്ഞു കയറി ആക്രമണം നടത്താൻ സജ്ജരായിരുന്ന ഭീകരരെയാണ് ഒഴിപ്പിച്ചത്. പരിശീലനം നേടുന്ന പുതിയ ഭീകര റിക്രൂട്ടുകളും കൊടും ഭീകരരും പരിശീലകരും ഉൾപ്പെടെയുള്ളവരെ ബലാകോട്ട് ക്യാമ്പിലേക്ക് മാറ്റിയതായി ഇന്ത്യയ്‌ക്ക് സൂക്ഷ്മമായ ഇന്റലിജൻസ് വിവരം കിട്ടിയിരുന്നു.
പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺ ഖ്വ പ്രവിശ്യയിലെ മൻഷേര ജില്ലയിൽ
നിയന്ത്രണ രേഖയിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് ബലാകോട്ട്
അമേരിക്ക വധിച്ച ഭീകരൻ ബിൻ ലാദൻ ഒളിച്ചു താമസിച്ച അബോട്ടാബാദിന് സമീപം
ബലാകോട്ട് പട്ടണത്തിൽ നിന്ന് 20 കിലോമീറ്റർ അകലെ
500 മുതൽ 700 പേർക്ക് വരെ കഴിയാനുള്ള സൗകര്യങ്ങൾ
പാചകക്കാരും ശുചീകരണത്തൊഴിലാളികളും
സ്വിമ്മിംഗ് പൂൾ ഉൾപ്പെടെയുള്ള പഞ്ചനക്ഷത്ര സൗകര്യങ്ങൾ
325 ഭീകരരും 25 പരിശീലകരും ക്യാമ്പിൽ ഉണ്ടായിരുന്നു
ക്യാമ്പിന് സമീപം കുനാർ നദി
നദിയിൽ ഭീകരർക്ക് അക്വാട്ടിക് പരിശീലനം