ഇടുക്കി: പാകിസ്ഥാനിലെ ഇന്ത്യൻ ആക്രമണം തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബി.ജെ.പി, ആർ.എസ്.എസ് ശ്രമത്തിന്റെ ഭാഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരള സംരക്ഷണ യാത്രയ്‌ക്ക് നെടുങ്കണ്ടത്ത് നടന്ന സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി.
രാജ്യത്തു മുസ്ലിം വിരോധം സൃഷ്ടിച്ച് വർഗീയ ധ്രൂവികരണത്തിനാണ് ആർ.എസ്.എസ് ശ്രമം. കശ്‌മീരിനെ ഇന്ത്യയുടെ ഭാഗമാക്കാൻ ശ്രമിക്കുന്നില്ല. കശമീർ വിഷയം പരിഹരിക്കുന്നതിനു പകരം പ്രശനം വഷളാക്കി കാശ്‌മീരി ജനങ്ങളെ ശത്രുക്കളാക്കുന്ന സമീപനമാണ് ബി.ജെ.പി സർക്കാർ സ്വീകരിക്കുന്നത്. കശ്‌മീരി ജനതയെ രാജ്യത്തിനൊപ്പം നിറുത്തണം.
ലോക്‌സഭാ തിരഞ്ഞെടുപ്പ് എത്തിയ സാഹചര്യത്തിൽ പരാജയ ഭീതി മണത്ത ബി.ജെ.പി സർക്കാർ രാജ്യത്തു യുദ്ധഭ്രാന്ത് സൃഷ്ടിച്ച് വർഗീയ ധ്രൂവികരണത്തിനാണ് ശ്രമിക്കുന്നതെന്ന് കോടിയേരി പറഞ്ഞു. പുൽവാമയിലെ ഭീകരാക്രമണം സംബന്ധിച്ച് സർവ്വകക്ഷി യോഗം നടക്കുമ്പോൾ യുദ്ധസാഹചര്യം ഉണ്ടാക്കുന്നതിനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.