ആലപ്പുഴ: ഹൃദ്രോഗമുണ്ട്, പക്ഷേ ആശ്വാസം തേടിയെത്തുന്ന രോഗികളെക്കാണുമ്പോൾ ഈ ഡോക്ടറുടെ ഹൃദയം കാരുണ്യക്കടലാകും. പിന്നെ പ്രായം മറന്ന് രോഗികൾക്കിടയിലേക്ക്. 88 കഴിഞ്ഞ ഡോ. പി.പി. പൈലിയുടെ വർഷങ്ങളായുള്ള ദിനചര്യ ഇങ്ങനെയാണ്. പക്ഷേ ഡോക്ടറെത്തേടി ആലപ്പുഴ പാലസ് വാർഡിലെ പുത്തൻപുരയ്ക്കൽ വീട്ടിലെത്തുന്ന സന്ദർശകർക്കായി സിറ്റൗട്ടിൽ ഒരു മുന്നറിയിപ്പ് ബോർഡുണ്ട്. 'ഡോക്ടർക്ക് ഹാർട്ടിന് അസുഖമായിട്ടിരിക്കുകയാണ്. അസുഖം കൂടുതലായി അനുഭവപ്പെട്ടാൽ ഉടൻ പരിശോധന നിറുത്തും. ദയവായി ക്ഷമിക്കണം. എന്നെയുംകൂടി നോക്കണമെന്ന് പറഞ്ഞ് ആരും നിർബന്ധിക്കരുത്" എന്നാണ് അതിലെ കുറിപ്പ്.
ത്വക് - ലൈംഗിക രോഗവിദഗ്ദ്ധനായ ഡോ. പൈലിയുടെ വീട്ടിൽ എപ്പോഴും രോഗികളുടെ തിരക്കാണ്. കൂടുതലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നവർ. ഡോ. പൈലിയെ 2005ലാണ് ഹൃദ്രോഗം കീഴടക്കിയത്. വിശ്രമിക്കണമെന്നുണ്ടെങ്കിലും തിരക്കുകാരണം കഴിയില്ല. ഗത്യന്തരമില്ലാതെയാണ് ബോർഡ് തൂക്കിയത്.
ഇപ്പോൾ കുറച്ചു സമയം രോഗികളെ പരിശോധിക്കും, പിന്നെ അല്പം വിശ്രമം. തുടർന്ന് വീണ്ടും പരിശോധന. അത്രയും സമയം രോഗികളും കാത്തിരിക്കും. ദിവസവും അമ്പതിലേറെ രോഗികളെ നോക്കുന്നുണ്ട്. മാറാത്ത രോഗങ്ങൾ പോലും പൈലിയുടെ കൈപ്പുണ്യത്തിൽ മാറുമെന്ന് രോഗികളും പറയുന്നു. ഫീസ് നിർബന്ധമില്ല. കൈയിലുള്ളത് കൊടുക്കാം. കൊടുത്തില്ലെങ്കിലും പരിഭവമില്ല. കാശില്ലെന്ന് കണ്ടാൽ സൗജന്യമായി മരുന്നും നൽകും.
മൂവാറ്റുപുഴയിലെ ഒരു സാധാരണ കർഷക കുടുംബത്തിലായിരുന്നു ഡോ. പൈലിയുടെ ജനനം. 1958ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പാസായി. തുടർന്ന് 1960ൽ തിരുവനന്തപുരത്ത് ഹെൽത്ത് സർവീസിൽ ജോലിയിൽ പ്രവേശിച്ചു. 1968ൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ ത്വഗ്രോഗ വിഭാഗം ആരംഭിക്കുന്നതിന് നിയോഗിക്കപ്പെട്ടു. 21 വർഷത്തെ സേവനത്തിനു ശേഷം ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് വിരമിച്ചു.
ആലപ്പുഴയിൽ മന്തും കുഷ്ഠവുമുൾപ്പെടെ നിയന്ത്രിക്കുന്നതിൽ പ്രധാനപങ്ക് വഹിച്ച ഡോ. പൈലിക്ക് ഭിഷഗ്വര രത്ന പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാര്യ : ആലീസ്. മക്കൾ: റീജ, ഡോ. റജിത്ത് (അമേരിക്ക), രജു (വിദേശത്ത് അദ്ധ്യാപകൻ).