കൊച്ചി: പുതിയ നിക്ഷേപകരെ ലക്ഷ്യമിട്ടും മ്യൂച്വൽഫണ്ട് നിക്ഷേപം സംബന്ധിച്ച് ഉപഭോക്താക്കളെ ബോധവത്‌കരിക്കാനുമായി യു.ടി.ഐ മ്യൂച്വൽഫണ്ട് സംഘടിപ്പിക്കുന്ന 'ഇക്വിറ്റി യാത്ര" കേരളത്തിലെത്തി. കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ബംഗാൾ, ഉത്തർപ്രദേശ്, പഞ്ചാബ്, ബീഹാർ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലായി 51 നഗരങ്ങളിലാണ് യാത്ര സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്തെ പര്യടനത്തിന് ശേഷം യാത്ര ഇന്നലെ കൊച്ചിയിലെത്തി.
യു.ടി.ഐയുടെ നിക്ഷേപരീതി, ഗവേഷണം, നിക്ഷേപശേഖരണം, വിപണി വീക്ഷണം, മ്യൂച്വൽ ഫണ്ടുകളുടെ ദിശ, സമ്പത്ത് സൃഷ്‌ടിക്കുന്നതിൽ ഓഹരികളുടെ പങ്ക് തുടങ്ങിയ വിഷയങ്ങളിൽ യു.ടി.ഐ വിദഗ്ദ്ധർ വിശദീകരണം നൽകുന്ന പരിപാടിയാണിത്. 150ലധികം ധനകാര്യ കേന്ദ്രങ്ങളും 50,000ലേറെ സ്വതന്ത്ര ധനകാര്യ ഉപദേശകരും 302 ബിസിനസ് ഡെവലപ്‌മെന്റ് അസോസിയേറ്റുകളും ഒരു കോടിയിലേറെ നിക്ഷേപ അക്കൗണ്ടുകളും യു.ടി.ഐയ്‌ക്കുണ്ടെന്ന് യു.ടി.ഐ എ.എം.സി ഫണ്ട് മാനേജർ ലളിത് നമ്പ്യാർ പറഞ്ഞു.