ജയ്‌പൂർ: രാജ്യം സുരക്ഷിതമായ കരങ്ങളിലെന്ന് ഉറപ്പു നൽകുന്നുവെന്നും രാജ്യത്തെക്കാൾ വലുതായി ഒന്നുമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഭീകര ക്യാമ്പുകളെ ഇന്ത്യൻ വ്യോമ സേനയുടെ മിറാഷ് യുദ്ധവിമാനങ്ങൾ തകർത്തെറിഞ്ഞതിനു പിന്നാലെ രാജസ്ഥാനിലെ ചുരുവിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"2014ൽ ഞാൻ പറഞ്ഞ അതേ വാക്കുകൾ ആവർത്തിക്കേണ്ട ദിനമാണിന്ന്. ഈ മണ്ണിനെ തൊട്ട് സത്യം ചെയ്യുന്നു. രാജ്യത്തെ ഇല്ലാതാക്കാനോ മുന്നോട്ടുള്ള കുതിപ്പിനെ തടയാനോ ആരെയും അനുവദിക്കില്ല. രാജ്യത്തെ തല കുനിക്കാൻ അനുവദിക്കില്ല. ഇത് ഭാരതാംബയോടുള്ള എന്റെ വാക്ക്. രാജ്യത്തിന്റെ സേനയ്ക്ക് അഭിവാദ്യമർപ്പിക്കുന്നു. ഇന്ത്യൻ ജനതയെ നിങ്ങളുടെ പ്രധാന സേവകൻ താണു വണങ്ങുന്നു" - പ്രധാനമന്ത്രി മോദി രാജസ്ഥാനിൽ പറഞ്ഞു.
വ്യക്തിയെക്കാൾ വലുതാണ് പാർട്ടി. രാജ്യം ഏത് പാർട്ടിയെക്കാളും വലുതാണ്. ജനങ്ങളുടെ വിശ്വാസവും പിന്തുണയും കൊണ്ടാണ് ഇതുപോലെ പ്രവർത്തിക്കാൻ തനിക്ക് സാധിക്കുന്നതെന്നും ആൾക്കൂട്ടത്തിന്റെ അത്യാവേശം തിരിച്ചറിയുന്നുവെന്നും പ്രധാനമന്ത്രി ചടങ്ങിൽ പറഞ്ഞു.