ഇന്നലെ പുലർച്ചെ ഇന്ത്യ ലക്ഷ്യമാക്കിയ ബാലകോട്ടിലെ സുപ്രധാന ഭീകരക്യാമ്പുകളിലൊന്ന് ജയ്ഷെ ഭീകരൻ മൗലാന യൂസുഫ് അസറിന്റെ നേതൃത്വത്തിലുള്ളതായിരുന്നു. ഇന്ത്യയുടെ പ്രഹരത്തിൽ ഇന്നലെ കൊല്ലപ്പെട്ട സുപ്രധാന ഭീകരനാണിയാൾ. ജയ്ഷെ ഭീകരൻ മസൂദ് അസറിന്റെ ഭാര്യാ സഹോദരനും അടുത്ത അനുയായിയുമാണ് മുഹമ്മദ് സലീമെന്നും ഉസ്താദ് ഗോറിയെന്നും വിളിപ്പേരുള്ള യൂസുഫ് അസർ. പാകിസ്ഥാനിലെ കറാച്ചിയാണ് ജന്മദേശം. 1999ലെ കാണ്ഡഹാർ വിമാന റാഞ്ചലിനു പിന്നിൽ പ്രവർത്തിച്ചത് യൂസുഫ് അസറായിരുന്നു. 20 വർഷത്തോളമായി ഇന്ത്യ വകവരുത്താൻ ശ്രമിക്കുകയായിരുന്നു.
ഇന്ത്യയുടെ പിടിയിലായ ജയ്ഷെ തലവൻ മസൂദ് അസറിനെ മോചിപ്പിക്കാനായി 1999ൽ പാക് ഭീകരരുടെ നേതൃത്വത്തിൽ നടത്തിയ വിമാന റാഞ്ചൽ പദ്ധതിയിൽ പ്രധാനിയായിരുന്നു യൂസുഫ് അസർ. നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന ഐ.സി 814 ഇന്ത്യൻ എയർലൈൻസ് വിമാനം ഭീകരർ റാഞ്ചി അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് കൊണ്ടുപോയി. 170 യാത്രക്കാരെ മോചിപ്പിക്കാനായി ഭീകരരുടെ വിലപേശലിനൊടുവിൽ കൊടും ഭീകരനായ മസൂദ് അസറിനെ ഇന്ത്യയ്ക്ക് മോചിപ്പിക്കേണ്ടി വന്നു. 2002ൽ ഇന്ത്യ പാകിസ്ഥാന് കൈമാറിയ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ യൂസുഫ് അസറിന്റെ പേരും ഉൾപ്പെട്ടിരുന്നു.
ജയ്ഷെ തലവൻ മസൂദ് അസറിനെ പോലെ പ്രധാനിയാണ് യൂസുഫ് അസറും. രണ്ടായിരത്തിൽ സി.ബി.ഐ നിർദ്ദേശ പ്രകാരം ഇന്റർപോൾ യൂസുഫ് അസറിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.