imran-khan

ന്യൂഡൽഹി: പാകിസ്ഥാനിലേക്ക് കടന്നുകയറിയുള്ള ഇന്ത്യൻ വ്യോമാക്രമണത്തിന് തിരിച്ചടി നൽകുമെന്നും എന്തിനും തയ്യാറായിരിക്കാനും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി. ഇന്ത്യയുടെ പ്രവൃത്തി പ്രകോപനപരമാണ്. നിയന്ത്രണ രേഖ ലംഘിക്കുകയായിരുന്നു അവർ. സ്വയം സംരക്ഷണത്തിന്റെ ഭാഗമായി ശക്തമായ മറുപടി നൽകാൻ പാകിസ്ഥാന് അവകാശമുണ്ടെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയും പ്രതികരിച്ചു. ഇന്ത്യൻ തിരിച്ചടിക്കു പിന്നാലെ ഇമ്രാൻ ഖാൻ ഇന്നലെ മന്ത്രിമാരുടെയും സേനാ മേധാവികളുടെയും അടിയന്തര യോഗം വിളിച്ചു.

അംഗീകരിക്കാതെ ആദ്യ പ്രതികരണം

ഇന്ത്യൻ തിരിച്ചടി അംഗീകരിക്കാതെയായിരുന്നു പാകിസ്ഥാൻ ആദ്യം പ്രതികരിച്ചത്. ഇന്ത്യൻ ആക്രമണത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും പാക് സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ ഇന്ത്യൻ സൈന്യം തിരികെ പോയെന്നുമായിരുന്നു പാക് സൈനിക മേധാവിയുടെ വിശദീകരണം. ഇതു സംബന്ധിച്ച് പല വ്യാജ ചിത്രങ്ങളും പാകിസ്ഥാൻ പുറത്തുവിട്ടു. എന്നാൽ, തകർത്തത് ജയ്ഷെ മുഹമ്മദിന്റെ താവളം തന്നെയെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വാർത്താസമ്മേളനത്തിൽ സ്ഥിരീകരിക്കുകയായിരുന്നു.

മസൂദ് അസറിനെ സുരക്ഷിതനാക്കി പാകിസ്ഥാൻ

ജയ്ഷെ തലവൻ മസൂദ് അസറിനെ പാകിസ്ഥാൻ സുരക്ഷിത താവളത്തിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ. റാവൽപ്പിണ്ടിയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന അസറിനെ ബാവൽപ്പൂരിലെ രഹസ്യ താവളത്തിലേക്ക് മാറ്റിയെന്നാണ് സൂചന. ഇന്ത്യയുടെ വ്യോമാക്രമണം ഉണ്ടാകുന്നതിന് മുമ്പുതന്നെ അസറിനെ രഹസ്യ താവളത്തിലേക്ക് മാറ്റിയിരുന്നു. പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് അസ്ഹറിനെ വിട്ടുകിട്ടാൻ ഇന്ത്യ നീക്കം ശക്തമാക്കിയതോടെയാണിത്. ഇയാളുടെ അടുത്ത അനുയായിയായ ജയ്ഷെ ഭീകരൻ കമ്രാനെ ഇന്ത്യൻ സൈന്യം വധിച്ചതിന് പിന്നാലെ അസറിന്റെ സുരക്ഷയും വർദ്ധിപ്പിച്ചിരുന്നു.