udf

കാസർകോട്: പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കാസർകോട് കളക്‌ടറേറ്റിൽ മന്ത്രി ഇ. ചന്ദ്രശേഖരന്റ സാന്നിദ്ധ്യത്തിൽ ചേർന്ന സർവകക്ഷി സമാധാന യോഗത്തിൽ നിന്ന് യു.ഡി.എഫ് ഇറങ്ങിപ്പോയി. കേസന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കണമെന്ന പ്രമേയം യോഗത്തിൽ പാസാക്കണമെന്ന ആവശ്യം മന്ത്രി നിരാകരിച്ചതിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്.

ജില്ലാ കളക്‌ടർ അദ്ധ്യക്ഷനായ യോഗത്തിൽ യു.ഡി.എഫ് നേതാക്കളായ അഡ്വ. സി.കെ ശ്രീധരൻ, കെ.പി കുഞ്ഞിക്കണ്ണൻ, എ. ഗോവിന്ദൻ നായർ എന്നിവരാണ് സി.ബി.ഐ അന്വേഷണ ആവശ്യം ആദ്യമേ ഉന്നയിച്ചത്. ആവശ്യം നിഷേധിച്ചതോടെ, യോഗം പ്രഹസനമെന്ന് ആരോപിച്ച് ഇവർക്കൊപ്പം

എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, മുസ്ളിം ലീഗ് ജില്ലാ പ്രസിഡന്റ് എം.ഐ ഖമറുദ്ധീൻ, സെക്രട്ടറി എ. അബ്ദുൾ റഹ്മാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ എന്നിവരും യോഗസ്ഥലം വിട്ടു.

അതേസമയം, കൊലപാതകത്തെ അപലപിച്ച യോഗത്തിൽ സമാധാനം നിലനിർത്താൻ എല്ലാവരും രംഗത്തിറങ്ങാൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. യു.ഡി.എഫ് പ്രതിനിധികൾ ഉന്നയിച്ച ആവശ്യം മറ്റുള്ളവരുമായി ആലോചിച്ച് പിന്നീട് പറയാമെന്നാണ് അറിയിച്ചതെന്നും, അതു കേൾക്കാതെയാണ് അവർ ഇറങ്ങിപ്പോയതെന്നും അദ്ദേഹം പ്രതികരിച്ചു.