മുംബയ്: കിട്ടാക്കടം നിയന്ത്രിക്കാൻ പരാജയപ്പെട്ട ബാങ്കുകൾക്കെതിരെ സ്വീകരിച്ച ശിക്ഷണ നടപടിയായ പ്രോംപ്‌റ്ര് കറക്‌റ്രീവ് ആക്‌ഷൻ (പി.സി.എ) ഫ്രെയിംവർക്കിൽ നിന്ന് കേരളം ആസ്ഥാനമായുള്ള ധനലക്ഷ്‌മി ബാങ്കുകൾപ്പെടെ മൂന്ന് ബാങ്കുകളെ കൂടി റിസർവ് ബാങ്ക് ഒഴിവാക്കി. പി.സി.എ ചട്ടക്കൂടിൽ നിന്നുകൊണ്ട്, മികച്ച പ്രവർത്തനം നടത്താൻ ബാങ്കുകൾക്ക് കഴിഞ്ഞുവെന്ന് റിസർവ് ബാങ്ക് വിലയിരുത്തി.
അലഹബാദ് ബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നിവയാണ് മറ്റ് രണ്ടു ബാങ്കുകൾ. പൊതുമേഖലയിലുള്ള ഈ രണ്ടുബാങ്കുകളും കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ച മൂലധന സഹായത്തോടെ മികച്ച പ്രകടനം നടത്തിയെന്ന് ബോർഡ് ഫോർ ഫിനാൻഷ്യൽ സൂപ്പർവിഷൻ (ബി.എഫ്.എസ്) വിലയിരുത്തിയിരുന്നു. കേന്ദ്രസഹായം ലഭിച്ചതോടെ മൂലധന അടിത്തറ മെച്ചപ്പെടുകയും നിഷ്‌ക്രിയ ആസ്‌തി അനുപാതം കുറയുകയും ചെയ്‌തതാണ് ബാങ്കുകൾക്ക് നേട്ടമായത്.
6,896 കോടി രൂപയാണ് കേന്ദ്രസഹായമായി അലഹബാദ് ബാങ്കിന് ലഭിച്ചത്. കോർപ്പറേഷൻ ബാങ്ക് 9,086 കോടി രൂപയും നേടി. ബാങ്ക് ഒഫ് ഇന്ത്യ, ഓറിയന്റൽ ബാങ്ക് ഒഫ് കൊമേഴ്‌സ്, ബാങ്ക് ഒഫ് മഹാരാഷ്‌ട്ര എന്നിവയെ കഴിഞ്ഞമാസം റിസർവ് ബാങ്ക് പി.സി.എ ചട്ടത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.