കൊച്ചി: പുൽവാമയിലെ ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം പാകിസ്‌താനിൽ കടന്നുകയറി ഇന്ത്യ നൽകിയ തിരിച്ചടി, ഓഹരി വിപണിയെയും രൂപയെയും ഇന്നലെ നഷ്‌ടത്തിലേക്ക് വീഴ്‌ത്തി. ഇരുരാജ്യങ്ങളും യുദ്ധത്തിലേക്ക് നീങ്ങുമോയെന്ന ആശങ്ക ഓഹരി വിറ്റൊഴിയാൻ നിക്ഷേപകരെ പ്രേരിപ്പിക്കുകയായിരുന്നു. ഒരുവേള 400 പോയിന്റിനുമേൽ തകർന്ന സെൻസെക്‌സ്, വ്യാപാരാന്ത്യം 239 പോയിന്റ് നഷ്‌ടവുമായി 35,973ലാണുള്ളത്. 44 പോയിന്റ് താഴ്‌ന്ന് നിഫ്‌റ്രി 10,835ലും വ്യാപാരം പൂർത്തിയാക്കി.
ഇന്ത്യ ബുൾസ് ഹൗസിംഗ് ഫിനാൻസ്, എച്ച്.സി.എൽ ടെക്‌നോളജീസ്, എച്ച്.ഡി.എഫ്.സി., ഐ.സി.ഐ.സി.ഐ ബാങ്ക്, ഇൻഫോസിസ്, എസ്.ബി.ഐ എന്നിവയാണ് നഷ്‌ടത്തിന് നേതൃത്വം നൽകിയ പ്രമുഖ ഓഹരികൾ. യുദ്ധ സമാനാന്തരീക്ഷം രൂപയെയും തളർത്തി. വ്യാപാരം പൂർത്തിയാകുമ്പോൾ ഡോളറിനെതിരെ എട്ട് പൈസയുടെ നഷ്‌ടവുമായി 71.07ലാണ് രൂപയുള്ളത്. അതേസമയം, ഓഹരികളുടെയും രൂപയെയും തളർച്ച താത്കാലികമാണെന്നാണ് വിലയിരുത്തലുകൾ. ഓഹരി സൂചികകളുടെ ഈ 'തിരുത്തൽ" കൂടുതൽ ഓഹരികൾ വാങ്ങിക്കൂട്ടാനുള്ള മികച്ച അവസരമായി കാണണമെന്ന ഉപദേശവും നിരീക്ഷകർ നൽകുന്നുണ്ട്.