ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് മറുപടിയെന്നോണം പാക് അധീന കാശ്‌മീരിലെ ജെയ്‌ഷെ ക്യാമ്പുകൾക്കുനേരെ ഇന്ത്യ നടത്തിയ വ്യോമാക്രമത്തിൽ വിറച്ചിരിക്കുകയാണ് പാകിസ്ഥാൻ. ഇതിനെ തുടർന്ന് ഇന്ത്യയ്ക്ക് തിരിച്ചടി നൽകാൻ പാകിസ്ഥാൻ പ്രധാനമന്ത്രി പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാൽ അത് പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം അസാദ്ധ്യമായിരിക്കുമെന്നാണ് വിലയിരുത്തൽ. അതിന്റെ പ്രധാനകാരണം, ഭീകരർക്കെതിരെ ഇന്ത്യ നടത്തിയ ആക്രമണത്തിന് മറുപടിയായി പാക് സൈന്യത്തിന് തിരിച്ചടിക്കാനാവില്ലെന്നതാണ്.
ഇന്ത്യ നടത്തിയ ആക്രമണം ഭീകര ക്യാമ്പുകൾക്ക് നേരെ മാത്രമായിരുന്നു. സാധാരണ ജനങ്ങളെയും പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളെയും ഒഴിവാക്കിയായിരുന്നു വ്യോമസേനയുടെ ആക്രമണം. ആ നിലയ്ക്ക് തിരിച്ചടിയായി ഇന്ത്യൻ സൈന്യത്തിന് നേരെ ആക്രമണം നടത്താൻ പാകിസ്ഥാന് സാധിക്കില്ല.
എന്നാൽ സമാനമായി തിരിച്ചടിക്കാൻ ഇന്ത്യയിൽ ഭീകര ക്യാമ്പുകൾ ഇല്ലെന്നതും ശ്രദ്ധേയമാണ്. അപ്രകാരം ഇന്ത്യയിലെ ജനങ്ങൾക്കുനേരെയോ സൈന്യത്തിന് നേരെയോ ആക്രമണത്തിന് മുതിർന്നാൽ അതുണ്ടാക്കുന്ന പ്രത്യാഘാതത്തെക്കുറിച്ച് പാകിസ്ഥാന് വ്യക്തമായ ധാരണയുമുണ്ട്. ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ സ്വീകരിക്കുന്ന നടപടികളിൽ അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിൽ അത്തരമൊരു നീക്കം അന്താരാഷ്ട്ര തലത്തിൽ പാകിസ്ഥാന് തിരിച്ചടിയാകുമെന്നും വിലയിരുത്തപ്പെടുന്നു.