mumbai-attack

ന്യൂഡൽഹി: ജമ്മുകാശ്‌മീരിലെ പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാൻമാരെ കൂട്ടക്കുരുതി ചെയ്‌തതിന് മാരകമായ തിരിച്ചടി നൽകി, ഇന്ത്യൻ പോ‌ർവിമാനങ്ങൾ ഇന്ന് പുലർച്ചെ വ്യോമാതിർത്തി ലംഘിച്ച് പാകിസ്ഥാനിൽ കടന്ന് ജയ്ഷെ മുഹമ്മദ് ഭീകരരുടെ മൂന്ന് ക്യാമ്പുകൾ ബോംബാക്രമണത്തിൽ തകർത്തു. പാകിസ്ഥാനെ വിറപ്പിച്ച ഇന്ത്യൻ ആക്രമണത്തിൽ 325 ഭീകരരാണ് കൊല്ലപ്പെട്ടത്. പുൽവാമ ഭീകരാക്രമണം പോലെ തന്നെ നാടിനെ നടുക്കിയ ആക്രമണമായിരുന്നു 2008ൽ ഭീകരർ മുംബയിൽ നടത്തിയത്. ഇപ്പോഴിതാ അന്നത്തെ ഭീകരാക്രമണത്തിന് മറുപടിയായി മിന്നലാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നെന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ വ്യോമസേന പൈലറ്റ് രംഗത്തെത്തിയിരിക്കുന്നു.

വ്യോമസേനയുടെ മുൻ പൈലറ്റായ മൊഹോംട്ടോ പാൻജിംഗാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. 'അവസാനം പാക് അധീന കാശ്മീരിലെ ഭീകരക്യാമ്പുകൾ ഇന്ത്യൻ വ്യോമസേനയുടെ മിറാഷ് 2000 തകർത്തിരിക്കുകയാണ്. 2008ൽ മുംബയ് ഭീകരാക്രമണത്തിന് പിന്നാലെ മുസഫർ‌ബാദിലെ ക്യാമ്പുകൾ തകർക്കാൻ ഇന്ത്യൻ വ്യോമസേന പദ്ധതിയിട്ടിരുന്നു. അവസാനം സർക്കാർ അതിൽ നിന്നും പിന്മാറുകയായിരുന്നു'- മൊഹോംട്ടോ പാൻജിംഗ് ട്വിറ്ററിൽ കുറിച്ചു.

എന്നാൽ ഇതിന് പിന്നാലെ, അന്നത്തെ ആക്രമണത്തിൽ നിന്നും പിന്മാറാൻ യു.പി.എ സർക്കാർ തീരുമാനിച്ചതിന്റെ കാരണം വെളിപ്പെടുത്തി ഡിഫൻസ് അനലിസ്റ്ര് നിഥിൻ എ.ഗോഖലെയും രംഗത്തെത്തി. അന്നത്തെ സർക്കാരിന്റെ കാലത്ത് വിദേശകാര്യ സെക്രട്ടറിയായിരുന്ന ശിവശങ്കർ മേനോൻ ഇക്കാര്യം അദ്ദേഹത്തിന്റെ പുസ്തകത്തിൽ പരമാർശിച്ചിട്ടുണ്ടെന്ന് നിഥിൻ എ.ഗോഖലെ പറയുന്നു. മുംബയ് ഭീകരാക്രമണത്തിന് മറുപടിയായി തിരിച്ചടിക്കാൻ വ്യോമസേനയുമായി ചേർന്ന് പദ്ധതിയിട്ടിരുന്നു. വ്യോമസേനയ്ക്ക് അന്ന് അതിനുള്ള ശേഷിയുണ്ടായിരുന്നു. ഇത് ചെയ്യാൻ രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമായിരുന്നു.

എന്നാൽ മിന്നലാക്രമണതിന് പിന്മറാനുള്ള പ്രധാനകാരണം ഇതായിരുന്നു, മുരീദ്കെ മേഖലയിലാണ് ലഷകറെ ത്വയിബയുടെ ഭീകര ക്യാമ്പുകൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ സാധാരണക്കാരായ ജനങ്ങൾ വസിക്കുന്ന മേഖലകളാണ്. ഇതുകൂടാതെ ക്യാമ്പുകളുടെ പരിസരത്ത് ആശുപത്രികളും സ്കൂളുകളും ഉണ്ടായിരുന്നു. അന്ന് തിരിച്ചടി നടത്തിയിരുന്നെങ്കിൽ അത് ഇന്ത്യയ്ക്ക് കടുത്ത പ്രഹരമായിരിക്കും. ഇക്കാര്യം ശിവശങ്കർ മോനോന്റെ പുസ്തകത്തിൽ പറയുന്നുണ്ടെന്ന് നിഥിൻ എ.ഗോഖലെ പറയുന്നു.