കൊച്ചി: പാക് വ്യോമാതിർത്തി ലംഘിച്ച് ഇന്ത്യ നടത്തിയ മിന്നലാക്രമണം തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ ശ്രമമാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള രംഗത്ത്. ഇന്ത്യൻ സേനയുടെ നടപടി രാഷ്ട്രീയവൽക്കരിക്കാൻ ബി.ജെ.പി ഉദ്ദേശിക്കുന്നില്ല. ഇന്ത്യയെ വിഭജിക്കണമെന്ന നിലപാടാണ് സി.പി.എം പണ്ടും ശ്രമിച്ചിട്ടുള്ളതെന്നും കോടിയേരിക്ക് ചൈനയുടെ പ്രേതം ബാധിച്ചതാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.
സൈനിക നടപടിയെ കോടിയേരി അപമാനിച്ചുവെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസും ആരോപിച്ചു. കോടിയേരി പാകിസ്ഥാന് വേണ്ടി സംസാരിക്കുകയാണ്. കോടിയേരിയുടെ നടപടി രാജ്യദ്രോഹമാണെന്നും കോടിയേരിക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.
പാകിസ്ഥാനിലെ ഇന്ത്യൻ ആക്രമണം തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബി.ജെ.പി, ആർ.എസ്.എസ് ശ്രമത്തിന്റെ ഭാഗമാണെന്നാണ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. കേരള സംരക്ഷണ യാത്രയ്‌ക്ക് നെടുങ്കണ്ടത്ത് നടന്ന സ്വീകരണത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു കോടിയേരി. രാജ്യത്ത് മുസ്ലിം വിരോധം സൃഷ്ടിച്ച് വർഗീയ ധ്രൂവികരണത്തിനാണ് ആർ.എസ്.എസ് ശ്രമം. കാശ്‌മീരിനെ ഇന്ത്യയുടെ ഭാഗമാക്കാൻ ശ്രമിക്കുന്നില്ല. കാശമീർ വിഷയം പരിഹരിക്കുന്നതിനു പകരം പ്രശനം വഷളാക്കി കാശ്‌മീരി ജനങ്ങളെ ശത്രുക്കളാക്കുന്ന സമീപനമാണ് ബി.ജെ.പി സർക്കാർ സ്വീകരിക്കുന്നത്. കാശ്‌മീരി ജനതയെ രാജ്യത്തിനൊപ്പം നിറുത്തണമെന്നും കോടിയേരി പറഞ്ഞിരുന്നു.