വയൽവാരം വീട്ടിലെ പുതിയ ആൺതരി എല്ലാർക്കും ആനന്ദമേകുന്നു. സ്വപ്നം കണ്ടതുപോലെ എല്ലാം സംഭവിച്ചതിൽ കുട്ടിയമ്മയും മാടനാശാനുമുള്ള സന്തോഷം പറഞ്ഞറിയിക്കാനാകുന്നില്ല. അടുത്ത ചടങ്ങ് നാമകരണം. മാടനാശാൻ മനസിൽ തന്റെ പുത്രനായി ഒരു പേര് കരുതിയിരുന്നു. കുട്ടിയമ്മയ്ക്കും അതിനോട് പൂർണ യോജിപ്പ്. അങ്ങനെ നാരായണനെന്ന് നാമകരണം.
കാണുന്നവരുടെ കണ്ണും കരളും ആഹ്ളാദത്തിലാക്കി ആ പൈതൽ വളരുകയാണ്. ബാലലീലകൾ രക്ഷിതാക്കൾക്കും ബന്ധുക്കൾക്കും ആമോദമേകുന്നു. വീട്ടുപരിസരത്തിലൂടെ കുത്തി മറിച്ചുവരുന്ന നാൽക്കാലികളെ കുട്ടിനാണു ശാന്തരാക്കുന്ന ദൃശ്യം എല്ലാവരെയും അതിശയിപ്പിക്കുന്നു.