ന്യൂഡൽഹി: ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ താവളത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിന് പിന്നാലെ ഷോപിയാനിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ മെമന്താറിൽ പുലർച്ചെ നാലരയോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്.
ഷോപ്പിയാനിൽ മേമന്ദറിലെ ഒരു വീട്ടിൽ ജയ്‌ഷെ മുഹമ്മദ് ഭീകരർ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തേത്തുടർന്നാണ് ജമ്മു കശ്മീർ പൊലീസും അർധസൈനിക വിഭാഗവും തിരച്ചിൽ നടത്തിയത്. ഇതിനിടെ ഭീകരർ വെടി വയ്‌ക്കുകയായിരുന്നു. സേന തിരിച്ചടിക്കുകയും ചെയ്‌തു. തീവ്രവാദി സംഘത്തിൽ മൂന്നുപേരുണ്ടായിരുന്നതായി സൈന്യം അറിയിച്ചു.
പ്രദേശവാസികളെ മനുഷ്യ കവചമാക്കിയാണ് പാക് സെെന്യത്തിന്റെ ആക്രമണമെന്ന് ഇന്ത്യ ആരോപിക്കുന്നു. പ്രദേശത്തെ വീടുകളിൽ നിന്നാണ് മോർട്ടാർ ആക്രമണങ്ങളും മിസൈൽ ആക്രമണങ്ങളും നടക്കുന്നത്. എന്നാൽ പ്രദേശവാസികളിൽ നിന്ന് അകലെയുള്ള പാക് പോസ്റ്റുകളാണ് ഇന്ത്യ ലക്ഷ്യമിട്ടതെന്നും സെെനിക വക്താവ് പറഞ്ഞു.
പാക് തീവ്രവാദികളുടെ താവളങ്ങളിൽ ഇന്ത്യ മിന്നലാക്രമണം നടത്തിയതിന് പിന്നാലെ കശ്മീരിൽ തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായത്. അതിർത്തിയിൽ പാകിസ്ഥാൻ സൈന്യം ഷെല്ലാക്രമണവും നടത്തുന്നുണ്ട്. അതേസമയം, കര-വ്യോമ സേനാ വിഭാഗങ്ങൾ അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.