ന്യൂഡൽഹി : ഇന്നലെ വെളുപ്പിന് ഇന്ത്യൻ പോർ വിമാനങ്ങൾ ഒരു ടൺ ഭാരമുള്ള സ്മാർട്ട് ബോംബുകളുമായി വേട്ടയ്ക്ക് ഇറങ്ങിയപ്പോൾ ചെറുക്കാനോ തിരിച്ചടിക്കാനോ പാക്‌സേനയുടെ ഭാഗത്ത് ഒരു തയ്യാറെടുപ്പുമുണ്ടായിരുന്നില്ല ! ആദ്യം പരിശോധിക്കേണ്ടത് പാക്‌സേനയുടെ പ്രതിരോധശ്രമത്തെ നിർവീര്യമാക്കിയ തന്ത്രമാണ്. അതിലൊന്നാണ് കാശ്മീരിന്റെ തലസ്ഥാനമായ മുസഫറാബാദിലേക്ക് ഒരു ബസ് സർവീസ് ബസ് അയച്ച് സംശയത്തിന് ഇട നൽകാതെ ഇന്ത്യയൊരുക്കിയ പദ്ധതി.
ശ്രീനഗറിൽ നിന്ന് പാക് അധിനിവേശ കാശ്മീരിന്റെ തലസ്ഥാനമായ മുസഫറാബാദിലേക്ക് ഒരു ബസ് സർവീസുണ്ട്. 'സമാധാന ശകടം' എന്നാണ് വിളിപ്പേര്. പുൽവാമയിൽ 40 അർദ്ധസൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരാക്രമണത്തെ തുടർന്ന് ഈ ബസ് സർവീസ് നിറുത്തിവച്ചിരുന്നു. സംഘർഷം മൂർച്ഛിക്കവെ, ബസ് സർവീസ് അടുത്ത കാലത്തൊന്നും പുനരാരംഭിക്കില്ലെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ, കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ബസ് സർവീസ് പുനരാരംഭിക്കുകയുണ്ടായി ! സമാധാനശകടം വീണ്ടും എത്തിയത് ഇന്ത്യയുടെ തിരിച്ചടി ഉടനുണ്ടാവില്ലെന്നതിന്റെ സൂചനയായി പാക് സൈനിക തന്ത്രജ്ഞർ കണ്ടുകാണണം. നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തെ പാക് താവളങ്ങളിൽ സൈനികർ സുഖമായി ഉറങ്ങിയിട്ടുമുണ്ടാവണം. എന്തായാലും, 24 മണിക്കൂർ കഴിയും മുമ്പ് ഇന്ത്യൻ പോർവിമാനങ്ങൾ നിയന്ത്രണരേഖ കടന്നുചെന്ന് മാരകപ്രഹരം നടത്തി. അതും സമാധാനശകടം മണിക്കൂറുകൾക്ക് മുമ്പ് എത്തിച്ചേർന്ന മുസഫറാബാദിന്റെ സമീപപ്രദേശങ്ങളിലും ബലാകോട്ടിലും.