ന്യൂഡൽഹി : ജയ്‌ഷെ മുഹമ്മദിന്റെ മുഖ്യപരിശീലന ക്യാമ്പാണ് വ്യോമപ്രഹരത്തിൽ പ്രധാനമായും തകർത്തതെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വി.കെ. ഗോഖലെ വ്യക്തമാക്കിയിട്ടുണ്ട്. എരിവും പുളിയും കൂട്ടാനായി എല്ലാ ഭീകര ഗ്രൂപ്പുകളെയും ശരിപ്പെടുത്തിയെന്ന് അദ്ദേഹം അവകാശപ്പെട്ടില്ല. ഇതും തന്ത്രപരമായാണെന്ന് വേണം കരുതാൻ.
പുൽവാമയിൽ ചാവേർ ആക്രമണം നടത്തിയ 'ജയ്‌ഷെ മുഹമ്മദ് ' പാക് സിവിലിയൻ ഭരണകൂടത്തിന്റെയും കണ്ണിലെ കരടാണ്. ഇന്ത്യയ്‌ക്കെതിരെ ഏത് കുറ്റിച്ചൂല് കിട്ടിയാലും ഉപയോഗിക്കുന്ന പാക് ചാരസംഘടനയായ ഐ.എസ്.ഐ ഈ ഭീകരഗ്രൂപ്പിനോടും മമത കാട്ടാറുണ്ട്. എന്നാൽ, അനുസരണ ഒട്ടും ഇല്ലാത്തതിനാൽ പാക് സൈനിക നേതൃത്വത്തിന് അത്ര ഇഷ്ടമല്ല.
'ലഷ്‌കറെ തയ്ബ'യാണ് പാക്‌സേനയ്ക്ക് പ്രിയപ്പെട്ട ഭീകരസംഘടന. ജയ്‌ഷെ മുഹമ്മദിന്റെ താവളം ആക്രമിച്ചാൽ പാക് സേനയ്ക്ക് നോവില്ലെന്ന് അർത്ഥം. ജയ്ഷ് പരിശീലന ക്യാമ്പിലെ 300 ഓളം കുട്ടിഭീകരർ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമികറിപ്പോർട്ട്. പാക് അധികൃതർ ഒരിക്കലും ഇത് അംഗീകരിക്കുകയില്ല. അംഗീകരിച്ചാലാണല്ലോ തോൽവി. അധിനിവേശ കാശ്മീരിൽ നിന്ന് പാക് സേന റിക്രൂട്ട് ചെയ്ത നൂറ് കണക്കിന് കാലാൾഭടന്മാർ കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. യുദ്ധത്തിലെ തോൽവിയുടെ ആഴം മറച്ചുവയ്ക്കാനുള്ള ബദ്ധപ്പാടിൽ പാകിസ്ഥാൻ ഇന്ന് വരെ അവരുടെ മരണസംഖ്യ വെളിപ്പെടുത്തിയിട്ടില്ല.