indian-attac-k-

ന്യൂഡൽഹി: ജമ്മുകാശ്‌മീരിലെ പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാൻമാരെ കൂട്ടക്കുരുതി ചെയ്‌തതിന് മാരകമായ തിരിച്ചടി നൽകി, ഇന്ത്യൻ പോ‌ർവിമാനങ്ങൾ ഇന്നലെ പുലർച്ചെ വ്യോമാതിർത്തി ലംഘിച്ച് പാകിസ്ഥാനിൽ കടന്ന് ജയ്ഷെ മുഹമ്മദ് ഭീകരരുടെ മൂന്ന് ക്യാമ്പുകൾ ബോംബാക്രമണത്തിൽ ചുട്ടെരിച്ചു. പാകിസ്ഥാനെ കിടിലം കൊള്ളിച്ച ഇന്ത്യൻ ആക്രമണത്തിൽ 325 ഭീകരർ കൊല്ലപ്പെട്ടു. ഇന്ത്യൻ ചരിത്രത്തിൽ തന്നെ ഇങ്ങനെയൊരു തിരിച്ചടി ആദ്യമായിരിക്കും. ഈ തിരിച്ചടിയിലും മിന്നലാക്രമണത്തിലും നമ്മൾ മലയാളികൾക്ക് അഭിമാനിക്കാം. കാരണം പാകിസ്ഥാനെ പാഠം പഠിപ്പിച്ച ഈ ഓപ്പറേഷൻ ചുക്കാൻ പിടിക്കാൻ മലയാളി ഉദ്യോഗസ്ഥനായ എയർ മാർഷൽ സി.ഹരികുമാറിന്റെ (എയർ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ്) കൈകളും ഉണ്ടായിരുന്നു.

ചെങ്ങന്നൂർ പാണ്ടനാട് വന്മഴിയിൽ കുടുംബാംഗമായ സി. ഹരികുമാർ നൽകുന്ന നേതൃത്വം നൽകുന്ന പടിഞ്ഞാറൻ വ്യോമ കമാൻഡ് ആണ് ആക്രമണത്തിന്റെ സമഗ്ര പദ്ധതി തയാറാക്കിയത്. ഡൽഹി ആസ്ഥാനമായുള്ള കമാൻഡിനാണ് പാക്കിസ്ഥാനുമായുള്ള പടിഞ്ഞാറൻ അതിർത്തിയിലെ വ്യോമസുരക്ഷാ ചുമതലയുണ്ടായിരുന്നത്. പുൽവാമ ആക്രമണത്തിന് പിന്നാലെ സൈന്യത്തിന് തിരിച്ചടിക്കാനുള്ള പൂർണ സ്വാതന്ത്ര്യം കേന്ദ്രസർക്കാർ നൽകിയതോടെ വ്യോമസേന ഇതിനായുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.

വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്. ധനോവയുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് ഭീകരാക്രമണ കേന്ദ്രങ്ങളിൽ സൂക്ഷ്മ മിസൈലാക്രമണം നടത്താൻ കഴിവുള്ള സ്ട്രൈക്ക് പൈലറ്റുമാരെ നിയോഗിച്ചത്. അതേസമയം, തിരിച്ചടി നൽകിയതിന് പിന്നാലെ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളിൽ വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പാക്ക്, ചൈന അതിർത്തികളിൽ ഇന്ത്യൻ സേന പടയൊരുക്കം ശക്തമാക്കി. പാക്കിസ്ഥാനു പിന്തുണയുമായി വടക്ക്, കിഴക്കൻ അതിർത്തികളിൽ ചൈനയും വെല്ലുവിളിയുയർത്തിയേക്കുമെന്ന കണക്കുകൂട്ടലിൽ ദ്വിമുഖ ആക്രമണം നേരിടുന്നതിനുള്ള ഒരുക്കമാണ് ഇന്ത്യ നടത്തുന്നത്.