india

ന്യൂഡൽഹി: ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ കടുത്ത നടപടികളുമായി പാകിസ്ഥാൻ. അബുദാബിയിൽ നടക്കുന്ന ഇസ്‍ലാമിക രാജ്യങ്ങളുടെ സമ്മേളനത്തിൽ പാക്കിസ്ഥാൻ പങ്കെടുക്കില്ല. ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശിഷ്ടാതിഥിയായി എത്തുന്നതിനാലാണ് പിൻമാറ്റം. വെള്ളി, ശനി ദിവസങ്ങളിലാണ് അബുദാബിയിൽ സമ്മേളനം നടക്കുന്നത്.

ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ സമ്മേളനത്തിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കണമെന്ന് യു.എ.ഇയോട് പാകിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം യു.എ.ഇ അംഗീകരിച്ചില്ല. ഇതിനെ തുടർന്നാണ് പാകിസ്ഥാൻ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന തീരുമാനത്തിലേക്കെത്തിയത്. പാകിസ്ഥാനിലെ ബാലാകോട്ട് ജെയ്ഷെ ഭീകരരുടെ കേന്ദ്രത്തിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെയാണ് പുതിയ നീക്കം. ‌

പാകിസ്ഥാനുമായുള്ള പ്രശ്നം കൂടുതൽ വഷളാക്കാനില്ലെന്ന് ഇന്ത്യ രാവിലെ വ്യക്തമാക്കിയിരുന്നു. ജയ്ഷെ മുഹമ്മദ് ക്യാംപിൽ നടത്തിയ വ്യോമാക്രമണം സൈനിക നടപടി ആയിരുന്നില്ല. ഭീകരർക്കെതിരെ പാകിസ്ഥാൻ നടപടി എടുക്കില്ലെന്ന് ഉറപ്പായതുകൊണ്ടാണ് വ്യോമാക്രമണം നടത്തേണ്ടിവന്നത്. ഇത് പാക് സൈന്യത്തിനോ ജനങ്ങൾക്കോ എതിരായ നടപടി ആയിരുന്നില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കുശേഷം സുഷമ സ്വരാജ് പറഞ്ഞു. ജയ്ഷെ മുഹമ്മദ് സ്ഥാപകൻ മൗലാന മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തിന് തടസം നിൽക്കരുതെന്ന് വാങ് യിയുമായുള്ള ചർച്ചയിൽ സുഷമ സ്വരാജ് അഭ്യർഥിച്ചു.