india-

ന്യൂഡൽഹി: അതിർത്തി ലംഘിച്ച് പാക് വിമാനങ്ങൾ ഇന്ത്യയിൽ എത്തിയതോടെ കാശ്മീരിൽ യുദ്ധസമാനമായ സാഹചര്യം ഉടലെടുക്കുന്നു. ഇന്ത്യയ്ക്ക് തിരിച്ചടി നൽകണമെന്ന് പാക് പ്രധാനമന്ത്രി സൈന്യത്തിന് നിർദ്ദേശം നൽകിയതോടെ കാശ്മീരിലും പരിസരങ്ങളിലും വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, അതിർത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങൾ ബോംബുകൾ വർഷിച്ചെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. എന്നാൽ കാശ്മീരിലേക്ക് തിരിച്ച എല്ലാ യാത്ര വിമാനങ്ങളും മറ്റ് സംസ്ഥാനങ്ങളിലേക്ക് തിരിച്ചുവിടുകയാണെന്നും റിപ്പോർട്ടുണ്ട്.

അതേസമയം, അതിർത്തിയിൽ വ്യോമസേനയുടെ ഹെലികൊപ്ടർ തകർന്ന് വീണ് രണ്ട് പൈലറ്റുമാർ മരിച്ചു. സാങ്കേതിക തകരാറിനെ തുടർന്നാണ് ഹെലികൊപ്ടർ തകർന്നതെന്നാണ് റിപ്പോർട്ട്. മറ്റ് വിവരങ്ങൾ ലഭ്യമല്ല. പുൽവാമ ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ തിരിച്ചടിച്ചതിനു പിന്നാലെ തന്നെ അതിർത്തിയിൽ പാകിസ്ഥാൻ പ്രകോപനം തുടർന്നിരുന്നു. പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സേന വധിക്കുകയും ചെയ്തു. പാക് ഭീകരകേന്ദ്രം ആക്രമിച്ചതോടെ അതിർത്തിയിൽ ഇന്ത്യ സുരക്ഷ ശക്തമാക്കിയിരുന്നു. തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.