ന്യൂഡൽഹി: വ്യോമാതിർത്തി ലംഘിച്ച് ഇന്ത്യയിലേക്കെത്തിയ പാക് സേനയെ വിറപ്പിച്ച് ഇന്ത്യൻ സൈന്യം. ഇന്ത്യൻ പോർ വിമാനങ്ങളും വ്യോമസേനയും പൂർണ സജ്ജരായിരുന്നതിനാൽ അതിർത്തിയിലെത്തിയ പാക് വിമാനങ്ങൾ തിരിച്ചു പോകുകയായിരുന്നു. എന്നാൽ ആക്രമിക്കാനെത്തിയ പാക് വിമാനം ഇന്ത്യ വെടിവച്ചിട്ടു. അമേരിക്കയിൽ നിന്ന് പാകിസ്ഥാൻ സ്വന്തമാക്കിയ എഫ് 16 വിമാനമാണ് ഇന്ത്യ വെടിവച്ചിട്ടത്. നേരത്തെ, പാക് വിമാനങ്ങൾ അതിർത്തി ലംഘനം നടത്തി ബോംബ് വർഷിച്ച കാര്യം രജൗരി ജില്ലാ കളക്ടർ സ്ഥിരീകരിച്ചിരുന്നു. നാല് സ്ഥലങ്ങളിൽ ബോംബ് വർഷിച്ചെന്നാണ് സ്ഥിരീകരണം.
ബലാകോട്ടിലെ തിരിച്ചടിയിൽ പതറിയ പാക് സൈന്യം ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. ''നിങ്ങളുടെ ഊഴം കഴിഞ്ഞു. ഇനി ഞങ്ങളുടെ സർപ്രൈസിനായി കാത്തിരിക്കൂ" എന്നായിരുന്നു പാക് സൈന്യത്തിന്യത്തിന്റെ മറുപടി. സന്ദേശത്തെ തുടർന്ന് ഇന്ത്യയിൽ മുൻകരുതലുകൾ ശക്തമാക്കിയിട്ടുണ്ട്. ബലാക്കോട്ട് വ്യോമാക്രമണത്തിന് തിരിച്ചടി നൽകുന്നതുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ ആഭ്യന്തര മന്ത്രാലയം ചർച്ച നടത്തിയിട്ടുണ്ട്.
എന്നാൽ സ്വയം പ്രതിരോധത്തിനുവേണ്ടിയുള്ള ആക്രമണമായിരുന്നുവെന്നാണ് വാർത്താക്കുറിപ്പിലൂടെ പാക്കിസ്ഥാൻ പറയുന്നത്. സൈനികേതര ലക്ഷ്യങ്ങളിലാണ് ആക്രമണം നടത്തിയതെന്നായിരുന്നു പാകിസ്ഥാന്റെ വാദം. സാധാരണ ജനങ്ങൾ കൊല്ലപ്പെടുന്നത് ഒഴിവാക്കാൻ വേണ്ടിയാണിതെന്നായിരുന്നു പാകിസ്ഥാൻ പറഞ്ഞത്.