isf-attack-

ന്യൂഡൽഹി: ജമ്മുകാശ്‌മീരിലെ പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാൻമാരെ കൂട്ടക്കുരുതി ചെയ്‌തതിന് മാരകമായ തിരിച്ചടി നൽകി, ഇന്ത്യൻ പോ‌ർവിമാനങ്ങൾ ഇന്നലെ പുലർച്ചെ വ്യോമാതിർത്തി ലംഘിച്ച് പാകിസ്ഥാനിൽ കടന്ന് ജയ്ഷെ മുഹമ്മദ് ഭീകരരുടെ മൂന്ന് ക്യാമ്പുകൾ ബോംബാക്രമണത്തിൽ ചുട്ടെരിച്ചിരുന്നു. പാകിസ്ഥാനെ കിടിലം കൊള്ളിച്ച ഇന്ത്യൻ ആക്രമണത്തിൽ 325 ഭീകരരാണ് കൊല്ലപ്പെട്ടത്. ഇതിനിടെ വ്യോമസേനയുടെ ചരിത്ര നേട്ടമായ മിന്നലാക്രമണത്തിൽ പോർ വിമാനം പറത്തിയത് വനിതാ പൈലറ്റ് സ്നേഹ ഷെഖാവത്ത് ആണെന്ന വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. എന്നാൽ ഈ വാർത്ത വ്യാജമാണെന്നാണ് അധികൃതർ നൽകുന്ന വിവരം.

റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ വ്യോമ സേനയുടെ പോർ വിമാനം പറത്തിയ ആദ്യത്തെ വനിത പൈലറ്റാണ് സ്‌നേഹ ഷെഖാവത്ത്. സ്‌നേഹയുടെ പേരും മറ്റ് വിവരങ്ങളും തെറ്റായ രീതിയിൽ രേഖപ്പെടുത്തിയിട്ടുള്ള പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഉർവശ ജരിവാല എന്ന പേരാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. വാർത്തകൾ പ്രചരിച്ചതോടെ സ്നേഹയാണ് വിമാനം പറത്തിയതെന്നാണ് കരുതിയത്. വ്യാജ വാർത്തകൾ കണ്ടെത്തുന്ന ഓൺലൈൻ സൈറ്റായ ബൂം ലൈവാണ് സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്.

2012ലെ റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ വ്യോമ സേനയെ നയിച്ച ആദ്യ വനിതയായിരുന്നു സ്നേഹ. മിലിറ്ററി ഓഫീസർന്മാരുടെയും സൈനികരുടെയും പേര് വിവരങ്ങൾ രേഖപ്പെടുത്തുന്ന ഭാരത് രക്ഷക് എന്ന വെബ്‌സൈറ്റിൽ സ്‌നേഹയുടെ ഫോട്ടോ സഹിതം ഇവർ കണ്ടെത്തുകയും ചെയ്തു. അതേസമയം, രഹസ്യ സ്വഭാവമുള്ളതുകൊണ്ട് പ്രത്യക്രമണത്തിൽ പങ്കെടുത്തിട്ടുള്ള ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ലെന്നും ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വാർത്തകൾ തീർത്തും അസംബന്ധമാണെന്നും വ്യോമ സേനയിൽ നിന്നുള്ള ഉറവിടങ്ങൾ പറയുന്നു.