ന്യൂഡൽഹി: വിവാഹത്തിന് മുമ്പ് ഇങ്ങനെയെങ്കിൽ വിവാഹം എങ്ങനെയായിരിക്കും? മുകേഷ് അംബാനിയുടെ പുത്രൻ ആകാശ് അംബാനിയുടെ പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളുടെ ചിത്രങ്ങൾ കണ്ടവർ മിക്കവരുടെയും ചോദ്യമാണിത്. സ്വിറ്റ്സർലൻഡിലെ സെന്റ് മോറിറ്റ്സിലാണ് ആഘോഷങ്ങൾ നടക്കുന്നത്.
അത്ഭുതങ്ങളുടെ കലവറയായ വേദിയുടെ പേര് 'വിന്റർ വണ്ടർലാൻഡ്". അതിഥികൾക്കായി എല്ലാ സുഖസൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നിരവധി പ്രമുഖ ബോളിവുഡ് താരങ്ങൾ ചടങ്ങിനെത്തിയിട്ടുള്ളതിനാൽ സ്പെഷ്യൽ മേൽനോട്ടവും ഉണ്ടാവും. ചില്ലുകൂടാരങ്ങൾക്കകത്ത് പലവിധ വർണങ്ങൾ മിന്നിത്തെളിയുന്ന വേദി ആരുകണ്ടാലും അത്ഭുതം കൊണ്ട് വാപൊളിച്ചുപോകും.
പടുകൂറ്റൻ യന്ത്ര ഉൗഞ്ഞാൽ ഉൾപ്പെടെ വിനോദത്തിനായി നിരവധി അടിപൊളി സംവിധാനങ്ങൾ. ഇതിൽ പലതും നമ്മുടെ നാട് ഇതുവരെ കണ്ടിട്ടില്ല. സംഗീതത്തിനൊപ്പം പല രൂപങ്ങളിലേക്ക് മാറുന്ന ലൈറ്റുകളും ചേർന്ന ഡ്രോൺഷോ തികച്ചും സ്പെഷ്യലാണ്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
വിവാഹവേദി കാണാനും ചിത്രങ്ങൾ പകർത്താനും വിദേശികൾ ഉൾപ്പെടെ എത്തുന്നുണ്ട്.ചടങ്ങിൽ ആകാശും വധു ശ്ളോകയും പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ വേദിയിലേക്ക് വരുന്നതിന്റെ ചിത്രങ്ങൾ നിത അംബാനി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു.അമേരിക്കയിലെ പ്രമുഖ ബാൻഡ് ഗ്രൂപ്പായ മെറൂൺ 5ന്റെ പ്രകടനവും ചടങ്ങിലുണ്ടായിരുന്നു.
ആകാശും ശ്ളോകയും ഇൗ ഗ്രൂപ്പിന്റെ കടുത്ത ആരാധകരാണ്. പത്തുകോടി രൂപയാണ് ഇൗ ഗ്രൂപ്പിന്റെ പ്രതിഫലം എന്നാണ് കേൾക്കുന്നത്.ബ്രിട്ടനിൽ നിന്നുള്ള ഇവന്റ് മാനേജ്മെന്റ് കമ്പനിക്കാണ് ആഘോഷങ്ങളുടെ ചുമതല. ഇവർക്ക് എത്രകോടി നൽകിയെന്ന കാര്യം വ്യക്തമല്ല. അടുത്തമാസം 9,10,11 തീയതികളിൽ മുംബയിൽ അംബാനിയുടെ വസതിയിലാണ് വിവാഹം നടക്കുക.