ബീജിംഗ്:ഹോംവർക്ക് ചെയ്യലും ഇമ്പോസിഷൻ എഴുത്തും കഠിനംതന്നെ. പള്ളിക്കൂടത്തിന്റെ പടിചവിട്ടിയവരിൽ ഇൗ പ്രശ്നം അഭിമുഖീകരിക്കാത്തവർ ആരുമുണ്ടാവില്ല. വീട്ടുകാരെക്കൊണ്ടും സുഹൃത്തുക്കളെക്കൊണ്ടും ഹോംവർക്ക് ചെയ്യിപ്പിച്ചും ഇമ്പോസിഷൻ എഴുതിപ്പിച്ചുമൊക്കെ ക്ളാസിൽ രാജാവായവർ നിരവധി. എന്നാൽ ചൈനയിൽ സിംഗ്ജിയാംഗ് പ്രവിശ്യയിലെ കൗമാരക്കാരി ഇൗ വഴിക്കൊന്നും പോയില്ല. കക്ഷി ചിന്തിച്ചത് അല്പം ഹൈടെക്കായാണ്.
കുറച്ചുനാൾ മുമ്പ് ഒരു എക്സിബിഷനുപോയപ്പോൾ ഉടമയുടെ കൈയക്ഷരത്തിൽ പകർത്തിയെഴുതുന്ന ഒരു റോബോട്ടിനെ കണ്ടു. ആ റോബോട്ടിനെ ചോദിച്ച വിലകൊടുത്ത് സ്വന്തമാക്കുകയായിരുന്നു. പുതുവർഷ സമ്മാനമായി കിട്ടിയ തുകയെല്ലാം ചേർത്തുവച്ചായിരുന്നു ഇതിനുള്ള പണം കണ്ടെത്തിയത്. ഇരുചെവിയറിയാതെ റോബോട്ടിനെ വാങ്ങി. ആരുംകാണാതെ സ്വന്തം മുറിയിലെത്തിച്ച് കട്ടിലിനടിയിൽ ഭദ്രമായി വച്ചു.
പെൺകുട്ടി പറഞ്ഞുകൊടുത്തതെല്ലാം നിമിഷങ്ങൾകൊണ്ട് റോബോട്ട് അതുപോലെ എഴുതിക്കൊടുത്തു. ജോലികൾ വളരെ എളുപ്പത്തിൽ തീർന്നു. മകൾ നന്നായെന്ന് രക്ഷിതാക്കൾ കരുതി. പക്ഷേ, രണ്ടുദിവസം കഴിഞ്ഞ് മുറിവൃത്തിയാക്കുന്നതിനിടെ അമ്മ റോബോട്ടിനെ കണ്ടു. അപ്പോഴാണ് മകളുടെ കള്ളത്തരം വ്യക്തമായത്. കലികൊണ്ടുവിറച്ച അവർ റോബോട്ടിനെ തകർത്ത് തരിപ്പണമാക്കി.സംഭവം വാർത്തയായതോടെ സോഷ്യൽമീഡിയയിൽ പെൺകുട്ടിയെ എതിർത്തും അനുകൂലിച്ചും നിരവധിപേരെത്തി.